Home Nationalപോക്സോ കേസിലെ പ്രതിയുടെ കൊലവിളി; ഭാര്യയും മക്കളും ഉൾപ്പെടെ ആറുപേരെ കൊലപ്പെടുത്തി, മരിച്ചവരിൽ പോക്സോ ഇരയും

പോക്സോ കേസിലെ പ്രതിയുടെ കൊലവിളി; ഭാര്യയും മക്കളും ഉൾപ്പെടെ ആറുപേരെ കൊലപ്പെടുത്തി, മരിച്ചവരിൽ പോക്സോ ഇരയും

by news_desk1
0 comments

ഹൈദരാബാദ്: തെലങ്കാനയിൽ കൂട്ടക്കൊലപാതകം നടത്തി പോക്സോ കേസിലെ പ്രതി ഒളിവിൽ. രംഗറെഡ്ഡി ജില്ലയിലെ ഷബാദ് ടൗണിലും റായ്‍വാലഗുഡയിലുമായി നടന്ന ആക്രമണത്തിൽ ഭാര്യയും രണ്ട് മക്കളും ഉൾപ്പെടെ ആറുപേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ പോക്സോ കേസിലെ 16 വയസുകാരിയായ ഇരയും ഉൾപ്പെടുന്നു.

റായ്‍വാലഗുഡ സ്വദേശിയായ രാജു കുമാർ (35) ആണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. പോക്സോ കേസിൽ പ്രതിയായ ഇയാൾക്കെതിരെ മെയ് മാസത്തിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് ഒളിവിൽ പോയ പ്രതിക്ക് ജൂൺ മാസത്തിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് ശേഷമാണ് കൂട്ടക്കൊലപാതകം നടന്നത്.

വെള്ളിയാഴ്ച രാത്രി 10.45 ഓടെയാണ് സംഭവങ്ങളുടെ തുടക്കം. സ്വന്തം ഗ്രാമത്തിൽ നിന്ന് ആറു കിലോമീറ്റർ അകലെയുള്ള ഷബാദ് ടൗണിലെ പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി, വാതിൽ തുറന്ന 42 വയസുകാരിയായ മാതാവിനെ കത്തികൊണ്ട് ആക്രമിച്ചു. തുടർന്ന് വീടിനുള്ളിൽ കയറി ഉറങ്ങിക്കിടന്നിരുന്ന പെൺകുട്ടിയുടെ മുത്തശ്ശിയെയും കൊലപ്പെടുത്തി.

ശേഷം 16 വയസുകാരിയെ ബലംപ്രയോഗിച്ച് കാറിൽ കയറ്റി സ്വന്തം ഗ്രാമത്തിനടുത്തുള്ള തടാകത്തിന് സമീപത്തേക്ക് കൊണ്ടുപോയി കുത്തിക്കൊലപ്പെടുത്തുകയും മൃതദേഹം ഉപേക്ഷിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു.

മൂന്നുപേരെ കൊലപ്പെടുത്തിയ ശേഷം രാത്രി 11.21 ഓടെ സ്വന്തം വീട്ടിലെത്തിയ പ്രതി ഉറങ്ങിക്കിടന്നിരുന്ന 31 വയസുകാരിയായ ഭാര്യയെയും നാലും പതിനെട്ടും വയസുള്ള രണ്ട് ആൺമക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തി.

ആക്രമണത്തിന് ശേഷം ഷബാദിൽ താമസിക്കുന്ന സ്വന്തം പിതാവിനെ ഫോണിൽ വിളിച്ച് കൊലപാതക വിവരം അറിയിച്ച പ്രതി കാറിൽ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പിതാവാണ് പൊലീസിനെ വിവരം അറിയിച്ചത്.

സംഭവത്തെ തുടർന്ന് പ്രതിക്കായി വ്യാപക തെരച്ചിൽ ആരംഭിച്ചതായി സിറ്റി പൊലീസ് കമ്മീഷണർ തരുൺ ജോഷി അറിയിച്ചു. സ്വന്തം കുടുംബാംഗങ്ങളെ ഉൾപ്പെടെ കൊലപ്പെടുത്താനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

You may also like