തിരുവനന്തപുരം: കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ‘ജീവൻ ദീപം ഒരുമ’ ഇൻഷുറൻസ് പദ്ധതിയിലൂടെ സംസ്ഥാനത്തെ 16.7 ലക്ഷം അയൽക്കൂട്ട അംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കി. കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പും എൽ.ഐ.സിയും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. വാർഷിക പ്രീമിയം വെറും 200 രൂപ മാത്രമാണ്. കുടുംബശ്രീ അംഗങ്ങൾക്ക് മികച്ച സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി നടപ്പാക്കുന്ന പദ്ധതിയാണിത്.
ഈ വർഷം ആദ്യം കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സംസ്ഥാനതല എൻറോൾമെന്റ് ക്യാമ്പയിനിലൂടെയാണ് ഇത്രയും പേരെ പദ്ധതിയിൽ ഉൾപ്പെടുത്തിയത്. നിലവിലെ പോളിസിക്ക് 2027 മാർച്ച് 31 വരെയാണ് കാലാവധി.
അയൽക്കൂട്ട അംഗത്തിന് ആകസ്മികമരണമോ അപകടമരണമോ സംഭവിച്ചാൽ ഇൻഷുറൻസ് ആനുകൂല്യം ലഭ്യമാക്കുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. 18 മുതൽ 74 വയസ് വരെയുള്ളവർക്ക് പദ്ധതിയിൽ അംഗമാകാം.
18 മുതൽ 50 വയസ് വരെയുള്ള അംഗത്തിന് സ്വാഭാവിക മരണം സംഭവിച്ചാൽ അവകാശിക്ക് രണ്ട് ലക്ഷം രൂപ ലഭിക്കും. 51 മുതൽ 60 വയസ് വരെ പ്രായമുള്ളവർക്ക് 80,000 രൂപയും, 61 മുതൽ 70 വയസ് വരെ 30,000 രൂപയും, 71 മുതൽ 74 വയസ് വരെ 25,000 രൂപയുമാണ് സ്വാഭാവിക മരണത്തിന് ലഭിക്കുന്ന ആനുകൂല്യം.
അപകടമരണം സംഭവിച്ചാൽ സ്വാഭാവിക മരണത്തിനുള്ള തുകയ്ക്ക് പുറമേ അധിക അപകട ഇൻഷുറൻസ് ആനുകൂല്യവും ലഭിക്കും. 18 മുതൽ 50 വയസ് വരെയുള്ളവർക്ക് 1.20 ലക്ഷം രൂപയും, 51 മുതൽ 60 വയസ് വരെ ഒരു ലക്ഷം രൂപയും, 61 മുതൽ 74 വയസ് വരെ 60,000 രൂപയുമാണ് അപകട ആനുകൂല്യമായി നൽകുന്നത്.
അയൽക്കൂട്ട അംഗങ്ങൾ ചേർന്ന് ലിങ്കേജ് വായ്പ എടുത്തശേഷം ഒരംഗം മരണപ്പെട്ടാൽ ആ വ്യക്തിയുടെ വായ്പാ ബാധ്യത മറ്റ് അംഗങ്ങൾ ഏറ്റെടുക്കേണ്ട സാഹചര്യം മുമ്പുണ്ടായിരുന്നു. ‘ജീവൻ ദീപം ഒരുമ’ പദ്ധതി നടപ്പിലാക്കിയതോടെ ഈ പ്രശ്നത്തിനും പരിഹാരമായി. മരണമടഞ്ഞ അംഗത്തിന്റെ പേരിലുള്ള വായ്പാ തുക ഇൻഷുറൻസ് തുകയിൽ നിന്ന് നേരിട്ട് അയൽക്കൂട്ടത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകും. ശേഷിക്കുന്ന തുക അവകാശിക്ക് ലഭിക്കും.
2020-21 സാമ്പത്തിക വർഷത്തിലാണ് പദ്ധതി ആരംഭിച്ചത്. ഇതുവരെ 37 കോടി രൂപയുടെ ഇൻഷുറൻസ് ആനുകൂല്യമാണ് ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തിട്ടുള്ളത്.
സി.ഡി.എസ് തലത്തിൽ പ്രവർത്തിക്കുന്ന റിസോഴ്സ് പേഴ്സൺമാരായ ബീമ മിത്രമാർ വഴിയാണ് പദ്ധതിക്കായുള്ള പ്രീമിയം സമാഹരണം നടക്കുന്നത്. പുതിയ അംഗങ്ങളെ ചേർക്കുന്നതും നിലവിലെ പോളിസികൾ പുതുക്കുന്നതുമുൾപ്പെടെയുള്ള നടപടികളും ബീമ മിത്രമാരുടെ നേതൃത്വത്തിലാണ് നടത്തുന്നത്.

