ന്യൂഡൽഹി: രാജ്യത്തെ ഇലക്ട്രോണിക്സ് നിർമാണ മേഖലയ്ക്ക് കൂടുതൽ കരുത്തേകുന്ന സുപ്രധാന തീരുമാനവുമായി കേന്ദ്ര സർക്കാർ. മൊബൈൽ ഫോണുകൾ, ഇലക്ട്രിക് വാഹനങ്ങൾ തുടങ്ങിയവയ്ക്ക് ആവശ്യമായ ലിഥിയം അയൺ ബാറ്ററികളുടെയും ഡിസ്പ്ലേ അസംബ്ലികളുടെയും നിർമാണത്തിന് ഉപയോഗിക്കുന്ന സാമഗ്രികളുടെ കസ്റ്റംസ് തീരുവ പൂർണമായും ഒഴിവാക്കി. ആഭ്യന്തര ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുകയും ഉൽപ്പന്നങ്ങളുടെ വില കുറയ്ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. 2029 മാർച്ച് വരെ ഈ ഇളവ് തുടരും.
തീരുവ ഒഴിവാക്കിയത് എന്തെല്ലാം?
ലിഥിയം അയൺ സെൽ നിർമാണത്തിന് ആവശ്യമായ 85 തരം വസ്തുക്കൾക്കാണ് കസ്റ്റംസ് തീരുവ ഇളവ് അനുവദിച്ചത്. കാഥോഡ്-ആനോഡ് എക്സ്ട്രൂഷൻ കോട്ടിംഗ് മെഷീനുകൾ, പൗഡർ ഡ്രയറുകൾ, സ്ലറി ട്രാൻസ്ഫർ സിസ്റ്റങ്ങൾ, ബാക്ക് ലൈറ്റ് യൂണിറ്റുകൾ, ഫ്രെയിമുകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
മൊബൈൽ ഫോണുകളിലെ വയർലെസ് ചാർജിംഗിനായി ഉപയോഗിക്കുന്ന ഇൻഡക്ടർ കോയിൽ മൊഡ്യൂളുകളുടെ നിർമാണ സാമഗ്രികൾക്കും കേന്ദ്രം തീരുവ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
നേരത്തെ മൊബൈൽ ഫോണുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഊർജ സംഭരണ സംവിധാനങ്ങൾ എന്നിവയ്ക്ക് ആവശ്യമായ ലിഥിയം ബാറ്ററികൾക്കായിരുന്നു ഇളവ് ലഭിച്ചിരുന്നത്. പുതിയ വിജ്ഞാപനത്തോടെ ഇലക്ട്രോണിക്സ് മേഖലയിലെ ഏത് ആവശ്യത്തിനുള്ള ലിഥിയം അയൺ ബാറ്ററി നിർമാണത്തിനും ഈ ആനുകൂല്യം ലഭിക്കും.
ലഭിക്കുന്ന നേട്ടങ്ങൾ
വാഹനങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, വ്യാവസായിക മേഖലകൾ എന്നിവയിൽ വ്യാപകമായി ഉപയോഗിക്കുന്ന ഡിസ്പ്ലേ അസംബ്ലികളുടെ ആഭ്യന്തര നിർമാണത്തിന് ഈ തീരുമാനം വലിയ പ്രോത്സാഹനമാകും.
പ്രധാന നിർമാണ ഘടകങ്ങളുടെ ഇറക്കുമതി ചെലവ് കുറയുന്നതോടെ കമ്പനികൾക്ക് കുറഞ്ഞ ചെലവിൽ ഉൽപ്പന്നങ്ങൾ നിർമിക്കാൻ സാധിക്കും. ഇതിലൂടെ മൊബൈൽ ഫോണുകളുടെയും ഇലക്ട്രിക് വാഹനങ്ങളുടെയും വില കുറയാനുള്ള സാധ്യത വർധിക്കുമെന്നാണ് വിലയിരുത്തൽ.
വിദേശ നിക്ഷേപത്തിൽ ഇടിവ്
അതേസമയം, ഉൽപ്പാദനം വർധിച്ചുകൊണ്ടിരിക്കുമ്പോഴും ഇലക്ട്രോണിക്സ് മേഖലയിലെ വിദേശ നിക്ഷേപത്തിൽ ഇടിവുണ്ടായതായി അക്കാദമി ഓഫ് ബിസിനസ് സ്റ്റഡീസിലെ സീനിയർ റിസർച്ച് ഫെലോ കെ.എസ്. ചലപതി റാവു ചൂണ്ടിക്കാട്ടി.
മുൻ സാമ്പത്തിക വർഷത്തിലെ 2.04 ബില്യൺ ഡോളറിൽ നിന്ന് നിലവിലെ സാമ്പത്തിക വർഷത്തിൽ 1.15 ബില്യൺ ഡോളറിലേക്കാണ് വിദേശ നിക്ഷേപം കുറഞ്ഞത്. പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (PLI) പദ്ധതിയുടെ ആദ്യഘട്ട നിക്ഷേപങ്ങൾ ഒരുപരിധിവരെ പൂർത്തിയായതാണ് ഇതിന് കാരണമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.

