ജീവിതത്തിലെ ഒരു ഘട്ടം വരെ സിനിമ മാത്രമാണ് തന്റെ ജീവിതമെന്ന് കരുതിയിരുന്നുവെന്ന് നടി ഭാവന. സിനിമ ചെയ്തില്ലെങ്കിൽ എന്ത് ചെയ്യും എന്ന തരത്തിലുള്ള ഒരു ഒബ്സെഷൻ പോലും ഉണ്ടായിരുന്നുവെന്നും താരം പറഞ്ഞു. ഒരു അഭിമുഖത്തിലാണ് ഭാവന ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.
“ജീവിതത്തിന്റെ ഒരു പ്രത്യേക ഘട്ടം എത്തുന്നതുവരെ എന്റെ ജീവിതം സിനിമ മാത്രമാണെന്നാണ് ഞാൻ കരുതിയിരുന്നത്. സിനിമ ചെയ്തില്ലെങ്കിൽ ഞാൻ എന്ത് ചെയ്യും എന്ന തരത്തിലുള്ള ഒരു ഒബ്സെഷൻ വരെ ഉണ്ടായിരുന്നു. പക്ഷേ സിനിമ അത്ര എളുപ്പമുള്ള മേഖലയല്ല. പല കാരണങ്ങളാൽ അവസാന നിമിഷം ഉറപ്പായിരുന്ന പ്രോജക്ടുകൾ പോലും നഷ്ടമാകാം. പലരുടെയും വ്യക്തിപരമായ താത്പര്യങ്ങൾ കൊണ്ടും സിനിമകൾ മാറിപ്പോകാം.
ചിലപ്പോൾ ഒരു സിനിമയുടെ വിജയം നിങ്ങളുടെ ജീവിതം മാറ്റും. അതുപോലെ തന്നെ ഒരു പരാജയവും ജീവിതത്തെ സ്വാധീനിക്കും. ഒരു വനിതാ നടിയെന്ന നിലയിൽ എല്ലായ്പ്പോഴും പ്രസക്തമായി തുടരാൻ സാധിക്കണമെന്നില്ല. നമ്മൾ ആഗ്രഹിക്കുന്ന കഥാപാത്രങ്ങൾ എല്ലായ്പ്പോഴും ലഭിക്കണമെന്നുമില്ല.
ഒരു വനിതാ നടിയെ സംബന്ധിച്ചിടത്തോളം മാർക്കറ്റ് വാല്യു നിലനിർത്തുക അത്ര എളുപ്പമല്ല. സിനിമ ഇപ്പോഴും പുരുഷാധിപത്യമുള്ള മേഖലയാണ്, അത് യാഥാർഥ്യവുമാണ്. ഒരു ഘട്ടം വരെ ഇതെല്ലാം എന്നെ വളരെ ബാധിച്ചിരുന്നു.
എന്റെ കരിയറിൽ സംഭവിക്കുന്ന കാര്യങ്ങൾ എന്റെ വ്യക്തിജീവിതത്തെയും ബാധിക്കുമായിരുന്നു. എന്നാൽ പിന്നീട് സിനിമ എന്റെ ജീവിതമല്ല, ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. അതിനുശേഷം എന്റെ മുൻഗണന സമാധാനപരവും ആരോഗ്യകരവുമായ ജീവിതത്തിനാണ്.
നല്ല സിനിമകളും മികച്ച കഥാപാത്രങ്ങളും ലഭിച്ചാൽ ചെയ്യും. പക്ഷേ ഇപ്പോൾ ആ മത്സരത്തിന്റെ ഭാഗമാകാൻ ഞാൻ ശ്രമിക്കുന്നില്ല. വനിതാ നടിമാരെ സംബന്ധിച്ചിടത്തോളം ഒരു ഘട്ടം കഴിഞ്ഞാൽ ചിന്തകൾ മാറുമെന്ന് എനിക്ക് തോന്നുന്നു. ഇരുപതുകളിലായിരുന്നപ്പോൾ ഇത്തരം കാര്യങ്ങൾ എന്നെ വളരെ വേഗം ബാധിക്കുമായിരുന്നു.
ഇപ്പോൾ എല്ലാം വരുന്നതുപോലെ വരട്ടെ എന്ന നിലപാടാണ്. എല്ലാ മാസവും സിനിമ ചെയ്യണമെന്നില്ല. ഒരുപാട് പ്രോജക്ടുകൾ വരാറുണ്ട്. എന്നാൽ മനസിന് ഇഷ്ടപ്പെട്ട ഒന്നോ രണ്ടോ സിനിമകൾ ചെയ്താലും ഞാൻ സന്തോഷവതിയാണ്.
ഒരു സിനിമ ഏറ്റെടുത്തതിന് ശേഷം ‘ഇത് വേണ്ടായിരുന്നു’ എന്ന തോന്നൽ വരാൻ പാടില്ല. സിനിമ ഇപ്പോൾ എന്റെ ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണെന്ന തിരിച്ചറിവ് കൊണ്ടായിരിക്കാം ഈ മാറ്റം,” എന്ന് ഭാവന പറഞ്ഞു.

