ലണ്ടൻ: ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ഇന്ത്യൻ മുൻ താരം രാഹുൽ ദ്രാവിഡിനെ പരിഗണിക്കുന്നതായി റിപ്പോർട്ട്. ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ തോൽവിക്ക് പിന്നാലെ നിലവിലെ പരിശീലകൻ ബ്രണ്ടൻ മക്കല്ലത്തെ ടെസ്റ്റ് ടീമിന്റെ ചുമതലയിൽ നിന്ന് മാറ്റാൻ ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി) ആലോചിക്കുന്നതായാണ് റിപ്പോർട്ട്.
ബ്രിട്ടീഷ് മാധ്യമമായ ഡെയ്‌ലി ടെലിഗ്രാഫ് പുറത്തുവിട്ട റിപ്പോർട്ടിൽ, മക്കല്ലത്തിന് പകരക്കാരാകാൻ സാധ്യതയുള്ളവരുടെ പട്ടികയിൽ രാഹുൽ ദ്രാവിഡിന്റെ പേര് മുൻനിരയിലുണ്ടെന്ന് പറയുന്നു. അടുത്ത വർഷം നടക്കുന്ന ആഷസ് പരമ്പരയ്ക്ക് മുമ്പ് ടെസ്റ്റ് ടീമിൽ നിർണായക മാറ്റങ്ങൾ വരുത്താനാണ് ഇസിബിയുടെ നീക്കം. അതേസമയം, ബ്രണ്ടൻ മക്കല്ലം ഇംഗ്ലണ്ടിന്റെ ഏകദിന-ടി20 ടീമുകളുടെ പരിശീലകനായി തുടരുമെന്നാണ് റിപ്പോർട്ട്.
ഇന്ത്യയെ 2024-ലെ ടി20 ലോകകപ്പ് കിരീടത്തിലേക്കും 2023-ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കും നയിച്ച ദ്രാവിഡിന്റെ പരിശീലന സമീപനവും ടെസ്റ്റ് ക്രിക്കറ്റിലെ ആഴത്തിലുള്ള അറിവുമാണ് ഇംഗ്ലണ്ടിനെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ.
എന്നാൽ, നിലവിൽ മുഴുവൻ സമയ പരിശീലക സ്ഥാനത്തേക്ക് തിരിച്ചെത്താൻ ദ്രാവിഡിന് താൽപര്യമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നിരുന്നാലും, പരിമിത ഓവർ മത്സരങ്ങളുടെ തിരക്കില്ലാത്തതിനാൽ ടെസ്റ്റ് ടീമിന്റെ പരിശീലക സ്ഥാനം ദ്രാവിഡിന് അനുകൂലമായേക്കാമെന്നാണ് വിലയിരുത്തൽ. ഇതിലൂടെ വർഷത്തിൽ കൂടുതൽ സമയം കുടുംബത്തോടൊപ്പം ചെലവഴിക്കാനും, താൻ ഏറെ പ്രാധാന്യം നൽകുന്ന ടെസ്റ്റ് ക്രിക്കറ്റിന്റെ വളർച്ചയ്ക്കായി പ്രവർത്തിക്കാനും അവസരം ലഭിക്കുമെന്നാണ് വിലയിരുത്തൽ. ഇസിബി ഉടൻ തന്നെ ദ്രാവിഡുമായി ഔദ്യോഗിക ചർച്ചകൾ നടത്തിയേക്കുമെന്ന സൂചനയും റിപ്പോർട്ടിലുണ്ട്.
ദ്രാവിഡിന് പുറമെ ഇംഗ്ലണ്ടിന്റെ മുൻ പരിശീലകനും സിംബാബ്‌വെ ഇതിഹാസവുമായ ആൻഡി ഫ്ലവറിന്റെ പേരും സാധ്യതാപട്ടികയിലുണ്ട്. ഇംഗ്ലണ്ടിനെ മൂന്ന് ആഷസ് വിജയങ്ങളിലേക്കും ടെസ്റ്റിൽ ഒന്നാം റാങ്കിലേക്കും നയിച്ച ഫ്ലവർ, അടുത്തിടെ ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെ കിരീടത്തിലെത്തിച്ച പരിശീലകനുമാണ്.
ഗ്ലാമോർഗന്റെ മുഖ്യ പരിശീലകൻ റിച്ചാർഡ് ഡോസൺ, ശ്രീലങ്കൻ മുൻ നായകൻ കുമാർ സംഗക്കാര, മുൻ ഇംഗ്ലണ്ട് താരം ആൻഡ്രൂ ഫ്ലിന്റോഫ്, മുൻ പാകിസ്ഥാൻ പരിശീലകൻ മൈക്ക് ഹെസ്സൻ, മുൻ ഓസ്ട്രേലിയൻ പരിശീലകൻ ജസ്റ്റിൻ ലാംഗർ എന്നിവരുടെ പേരുകളും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന്റെ പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ട്.
ഇംഗ്ലണ്ടിന്റെ പുതിയ ടെസ്റ്റ് പരിശീലകനെ സംബന്ധിച്ച അന്തിമ തീരുമാനം വരും ആഴ്ചകളിൽ ഉണ്ടാകുമെന്നാണ് സൂചന.

