തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ഗൺമാൻമാർ മർദിച്ച കേസിൽ അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചെന്ന എസ്‌ഐടി കണ്ടെത്തലിനെ തുടർന്ന് എഡിജിപി എം.ആർ. അജിത് കുമാറിനോട് വിശദീകരണം തേടാൻ ഡിജിപി ഒരുങ്ങുന്നു. എസ്‌ഐടി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
എം.ആർ. അജിത് കുമാറിന്റെ വിശദീകരണം ലഭിച്ച ശേഷം ഡിജിപി റിപ്പോർട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറും. അജിത് കുമാറിനെതിരെ നടപടി സ്വീകരിക്കാൻ ഡിജിപി ശുപാർശ ചെയ്യുമെന്നാണ് വിവരം. ഡിജിപിയുടെ റിപ്പോർട്ട് ലഭിച്ചാൽ അജിത് കുമാറിനെ സസ്‌പെൻഡ് ചെയ്യാനാണ് ആഭ്യന്തര വകുപ്പിന്റെ നീക്കം.
ആലപ്പുഴയിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ ഉൾപ്പെട്ട മർദനക്കേസിൽ അന്വേഷണം അട്ടിമറിച്ചുവെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
ആദ്യഘട്ട അന്വേഷണ റിപ്പോർട്ട് തിരുത്തിയാണ് പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചതെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ. തെളിവില്ലെന്ന രീതിയിൽ റിപ്പോർട്ട് മാറ്റിയെന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴികൾ ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്നും എസ്‌ഐടി വ്യക്തമാക്കുന്നു.
എഡിജിപി എം.ആർ. അജിത് കുമാറിന്റെ നിർദേശപ്രകാരമാണ് റിപ്പോർട്ട് തിരുത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകിയ മൊഴി. അജിത് കുമാർ തങ്ങളെ ഓഫീസിലേക്ക് വിളിച്ചുവരുത്തി റിപ്പോർട്ട് തിരുത്താൻ നിർദേശിച്ചുവെന്നാണ് എസ്‌ഐടി റിപ്പോർട്ടിലുള്ളത്.
ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് പിന്നാലെയായിരുന്നു ഉദ്യോഗസ്ഥരെ വിളിപ്പിച്ചതെന്നും, ഓഗസ്റ്റ് 12 മുതൽ 15 വരെ പൊലീസ് ക്ലബ്ബിൽ താമസിപ്പിച്ചാണ് റിപ്പോർട്ടിൽ മാറ്റം വരുത്താൻ ആവശ്യപ്പെട്ടതെന്നും മൊഴിയിൽ പറയുന്നു.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ റിപ്പോർട്ട് മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെടില്ലെന്നും ആരും അറിയില്ലെന്നും അജിത് കുമാർ പറഞ്ഞതായും അന്വേഷണ ഉദ്യോഗസ്ഥർ മൊഴി നൽകിയിട്ടുണ്ട്.
അജിത് കുമാർ മോശമായി പെരുമാറിയതിനെ തുടർന്ന് തനിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായെന്നും ഒരു എസ്‌ഐ മൊഴി നൽകിയിട്ടുണ്ട്. ഇതിന് പിന്തുണയായി മെഡിക്കൽ റിപ്പോർട്ടും എസ്‌ഐ അന്വേഷണ സംഘത്തിന് സമർപ്പിച്ചിട്ടുണ്ട്.

