മലയാള സിനിമയിൽ മകനുടെയും അനുജന്റെയും വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് അനു ആനന്ദ്. ‘സൂര്യഗായത്രി’യിൽ മോഹൻലാലിന്റെ മകനായി അഭിനയിച്ച അനു ആനന്ദിന്റെ മകൾ ആദിത്യ ലക്ഷ്മി ഇപ്പോൾ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. മോഹൻലാലിന്റെ മകൾ വിസ്മയ ആദ്യമായി അഭിനയിക്കുന്ന ‘തുടക്കം’ എന്ന ചിത്രത്തിലൂടെയാണ് ആദിത്യയും വെള്ളിത്തിരയിലെത്തുന്നത്.
‘തുടക്കം’ സിനിമയുടെ പൂജാ ചടങ്ങിലെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് മകളുടെ സിനിമാപ്രവേശനത്തിലെ സന്തോഷം അനു ആനന്ദ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.
“മാതാപിതാക്കൾ എന്ന നിലയിൽ ഏറെ അഭിമാനം തോന്നുന്ന നിമിഷം. മായ മോഹൻലാലിനും മഹാനായ ഇതിഹാസത്തിനുമൊപ്പം ‘തുടക്കം’ സിനിമയുടെ പൂജയിൽ എന്റെ മകളും തിളങ്ങി. മനോഹരമായ മലയാള സിനിമയിൽ അവളുടെ യാത്ര ആരംഭിക്കുന്നത് കാണുമ്പോൾ ഞാൻ ഏറെ സന്തോഷവാനാണ്. ചിത്രത്തിലെ എല്ലാ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും വിജയാശംസകൾ നേരുന്നു. വെള്ളിത്തിരയിലെ മായാജാലം കാണാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു,” എന്നാണ് അനു ആനന്ദ് കുറിച്ചത്.
‘രാക്കുയിലിൻ രാഗസദസ്സിൽ’ എന്ന ചിത്രത്തിലൂടെയാണ് അനു ആനന്ദ് സിനിമയിലെത്തിയത്. മമ്മൂട്ടിയുടെ മകനായിട്ടായിരുന്നു ആദ്യവേഷം. പിന്നീട് ‘സർവകലാശാല’, ‘ചതുരംഗം’, ‘സാഗർ ഏലിയാസ് ജാക്കി’ തുടങ്ങി നിരവധി ചിത്രങ്ങളിൽ അദ്ദേഹം മോഹൻലാലിനൊപ്പം അഭിനയിച്ചു. ‘സൂര്യഗായത്രി’യാണ് അനു ആനന്ദിന്റെ കരിയറിലെ ശ്രദ്ധേയ ചിത്രങ്ങളിലൊന്ന്.
ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ‘തുടക്കം’ ഓഗസ്റ്റ് 7-ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നുണ്ട്. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്. സംഗീതം ജേക്സ് ബിജോയ് നിർവഹിക്കുന്നു.

