Home Keralaഡോക്ടർ ദമ്പതിമാരുടെ ഫ്ലാറ്റിൽ നിന്ന് 7 പവൻ സ്വർണം മോഷണം; ചോദ്യം ചെയ്യലിൽ കുറ്റസമ്മതം, വീട്ടുജോലിക്കാരി അറസ്റ്റിൽ

ഡോക്ടർ ദമ്പതിമാരുടെ ഫ്ലാറ്റിൽ നിന്ന് 7 പവൻ സ്വർണം മോഷണം; ചോദ്യം ചെയ്യലിൽ കുറ്റസമ്മതം, വീട്ടുജോലിക്കാരി അറസ്റ്റിൽ

by news_desk1
0 comments

കോഴിക്കോട്: ഡോക്ടർ ദമ്പതിമാരുടെ ഫ്ലാറ്റിൽ നിന്ന് ഏഴ് പവൻ സ്വർണാഭരണം മോഷ്ടിച്ച കേസിൽ വീട്ടുജോലി ചെയ്തിരുന്ന മധ്യവയസ്‌ക അറസ്റ്റിൽ. കോഴിക്കോട് വള്ളയിൽ പുതിയ കടവ് സ്വദേശിനി ഫാത്തീബി (59)യെയാണ് വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് പി.ടി. ഉഷ റോഡിലെ ഹോം ലാൻഡ് സീ ഗേറ്റ് അപ്പാർട്ട്‌മെന്റിൽ താമസിക്കുന്ന ഡോക്ടർ ദമ്പതിമാരുടെ ഫ്ലാറ്റിൽ നിന്നാണ് ഏഴ് പവൻ തൂക്കമുള്ള സ്വർണാഭരണം നഷ്ടമായത്.

ഡോക്ടറുടെ പരാതിയെ തുടർന്ന് വെള്ളയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ഫ്ലാറ്റിൽ വീട്ടുജോലി ചെയ്തിരുന്ന ഫാത്തീബിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനിടെ ഇവർ കുറ്റം സമ്മതിച്ചതായാണ് പൊലീസ് അറിയിച്ചത്.

എസ്.ഐ ജെയിൻ, എ.എസ്.ഐ രതീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ ബിജില മോൾ, സുജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഫാത്തീബിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

You may also like