കൊച്ചി: ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിലെ കാലതാമസം കുറയ്ക്കുന്നതിനായി മോട്ടോർ വാഹന വകുപ്പ് (എംവിഡി) പുറത്തിറക്കിയ പുതിയ സർക്കുലറിനെ ഡ്രൈവിംഗ് സ്കൂൾ ഉടമകൾ സ്വാഗതം ചെയ്തു. പുതിയ ഉത്തരവ് നിലവിൽ വരുന്നതോടെ ലൈസൻസിനായുള്ള കാത്തിരിപ്പ് ഗണ്യമായി കുറയുമെന്നാണ് അവരുടെ പ്രതീക്ഷ.
ഡ്രൈവിംഗ് ടെസ്റ്റുമായി ബന്ധപ്പെട്ട നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ നിരവധി സുപ്രധാന മാറ്റങ്ങളാണ് എംവിഡി കൊണ്ടുവന്നിരിക്കുന്നത്. പ്രതിദിന ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം 40ൽ നിന്ന് 50 ആയി വർധിപ്പിച്ചു. ഇതിൽ ദിവസേന 28 പുതിയ അപേക്ഷകരുടെയും 20 റീ-ടെസ്റ്റുകളുടെയും പരീക്ഷകൾ നടത്തും. വിദേശത്ത് ജോലിക്കോ പഠനത്തിനോ പോകേണ്ട സാഹചര്യം ചൂണ്ടിക്കാട്ടി അപേക്ഷിക്കുന്നവരിൽ രണ്ട് പേർക്ക് ദിവസേന മുൻഗണന നൽകി ടെസ്റ്റ് നടത്താനും തീരുമാനിച്ചിട്ടുണ്ട്.
ഫിറ്റ്നസ് പരിശോധനയും ഡ്രൈവിംഗ് ടെസ്റ്റും ഒരേ ദിവസം നടത്താൻ പാടില്ലെന്ന നിബന്ധനയും പിൻവലിച്ചു. ആദ്യ ടെസ്റ്റിൽ പരാജയപ്പെടുന്നവർക്ക് എട്ട് ദിവസത്തിനകം തന്നെ രണ്ടാം ടെസ്റ്റിന് അവസരം നൽകും. കൂടാതെ, ലേണേഴ്സ് ലൈസൻസിനുള്ള അപേക്ഷ ലഭിച്ച് മൂന്ന് ദിവസത്തിനകം ഡ്രൈവിംഗ് ടെസ്റ്റിന്റെ തീയതി അനുവദിക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
ഡ്രൈവിംഗ് ടെസ്റ്റുമായി ബന്ധപ്പെട്ട മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ നടപ്പാക്കിയ നിയന്ത്രണങ്ങളിൽ പ്രധാനപ്പെട്ടവയാണ് പുതിയ സർക്കുലറിലൂടെ മാറ്റിയത്. ലൈസൻസ് പരീക്ഷാ നടത്തിപ്പിൽ ഗുരുതര വീഴ്ചകളുണ്ടെന്ന വിലയിരുത്തലിനെ തുടർന്നാണ് അന്ന് ടെസ്റ്റുകളുടെ എണ്ണം നിയന്ത്രിക്കുകയും ഒരു എംവിഐയും എ.എം.വിഐയും ചേർന്ന് പ്രതിദിനം നടത്താവുന്ന ടെസ്റ്റുകളുടെ എണ്ണം 60ൽ നിന്ന് 40 ആയി കുറയ്ക്കുകയും ചെയ്തിരുന്നത്. ഇതോടെ അപേക്ഷകൾ കെട്ടിക്കിടക്കുകയും ലൈസൻസിനായി കാത്തിരിക്കുന്നവരുടെ എണ്ണം വർധിക്കുകയും ചെയ്തിരുന്നു.
ടെസ്റ്റിന് ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് 18 വർഷം വരെ മാത്രമേ പഴക്കമുണ്ടാകാവൂ, ടെസ്റ്റ് വാഹനങ്ങളിൽ ക്യാമറ സ്ഥാപിക്കണം തുടങ്ങിയ നിർദേശങ്ങളും അന്നത്തെ ഉത്തരവിൽ ഉൾപ്പെട്ടിരുന്നു. ഈ തീരുമാനങ്ങൾക്കെതിരെ ഡ്രൈവിംഗ് സ്കൂൾ ഉടമകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പുതിയ സർക്കുലർ നിലവിൽ വന്നതോടെ ആ പ്രതിസന്ധികൾക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയാണ് ബന്ധപ്പെട്ടവർ പങ്കുവയ്ക്കുന്നത്.
