Home Nationalകാവേരി ചർച്ചയ്ക്കായി കർണാടക സന്ദർശിക്കരുത്; മുഖ്യമന്ത്രി വിജയ്‌ക്കെതിരെ ആദ്യ രാഷ്ട്രീയ പ്രതിഷേധം, നിലപാട് പുനഃപരിശോധിക്കണമെന്ന് സ്റ്റാലിൻ

കാവേരി ചർച്ചയ്ക്കായി കർണാടക സന്ദർശിക്കരുത്; മുഖ്യമന്ത്രി വിജയ്‌ക്കെതിരെ ആദ്യ രാഷ്ട്രീയ പ്രതിഷേധം, നിലപാട് പുനഃപരിശോധിക്കണമെന്ന് സ്റ്റാലിൻ

by news_desk1
0 comments

ചെന്നൈ: കാവേരി ജലവിഷയത്തിൽ കർണാടക സന്ദർശിക്കാനുള്ള തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ തീരുമാനത്തിനെതിരെ സംസ്ഥാനത്ത് ആദ്യ രാഷ്ട്രീയ പ്രതിഷേധം ശക്തമാകുന്നു. നേരിട്ടുള്ള ചർച്ചകൾക്കുപകരം നിയമപോരാട്ടമാണ് തമിഴ്നാട് ഇതുവരെ സ്വീകരിച്ചിരുന്ന നിലപാടെന്നും, നിലവിലെ നീക്കത്തിൽ നിന്ന് മുഖ്യമന്ത്രി പിന്മാറണമെന്നും മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആവശ്യപ്പെട്ടു.

വിഷയത്തിൽ സർവകക്ഷിയോഗം വിളിക്കണമെന്ന് എ.ഐ.എ.ഡി.എം.കെ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി തലത്തിലുള്ള കൂടിക്കാഴ്ച തമിഴ്നാടിന്റെ താൽപര്യങ്ങൾക്ക് തിരിച്ചടിയാകുമെന്നാണ് പ്രതിപക്ഷ നേതാവ് ഇ.പി.എസ് അഭിപ്രായപ്പെട്ടത്.

ഓഗസ്റ്റ് 3-നാണ് മുഖ്യമന്ത്രി വിജയും കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും തമ്മിലുള്ള ചർച്ച നിശ്ചയിച്ചിരിക്കുന്നത്.

സുപ്രീംകോടതി നിർദേശിച്ച ആനുപാതിക ജലവിഹിതം തമിഴ്നാടിന് ഇപ്പോഴും ലഭിക്കുന്നില്ലെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. ഇതിനുപുറമെ കാവേരി നദിക്ക് കുറുകെ അണക്കെട്ട് നിർമ്മിക്കാനുള്ള നീക്കവുമായി കർണാടക മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് ചർച്ചയ്ക്കായി കർണാടക സന്ദർശിക്കാൻ മുഖ്യമന്ത്രി വിജയ് താൽപര്യം പ്രകടിപ്പിച്ചത്.

ഇതിനിടെ കന്നഡ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് തമിഴ്നാട് ബസുകൾ ഹൊസൂരിൽ സർവീസ് അവസാനിപ്പിക്കേണ്ട സാഹചര്യം നിലവിലുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തിൽ തമിഴ്നാട് ഇതുവരെ സ്വീകരിച്ചിരുന്ന സമീപനത്തിൽ നിന്ന് വ്യത്യസ്തമായാണ് മുഖ്യമന്ത്രിയുടെ പുതിയ നീക്കമെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്.

മുമ്പും കർണാടക ചർച്ചയ്ക്ക് തയ്യാറായിരുന്നെങ്കിലും വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ലെന്ന അനുഭവം ഉള്ളതിനാൽ തന്നെയാണ് ഇപ്പോഴത്തെ സന്ദർശനത്തെ എതിർക്കുന്നതെന്നും രാഷ്ട്രീയ നേതൃത്വം വ്യക്തമാക്കുന്നു. കൂടിക്കാഴ്ചയിൽ ഏതെങ്കിലും തരത്തിലുള്ള തിരിച്ചടിയുണ്ടായാൽ അത് മുഖ്യമന്ത്രി വിജയ്‌യുടെ രാഷ്ട്രീയ പ്രതിച്ഛായയെയും ബാധിക്കുമെന്ന വിലയിരുത്തലും ടി.വി.കെ. വൃത്തങ്ങളിൽ ഉയരുന്നുണ്ട്.

You may also like