കൊച്ചി: ‘അമ്മ’യുടെ അഡ്ഹോക്ക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയ നടപടി രാഷ്ട്രീയലക്ഷ്യത്തോടെയാണെന്ന് നടൻ രമേഷ് പിഷാരടി. തന്നെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കേസിൽ ഉൾപ്പെടുത്തിയതെന്ന് മുൻസിഫ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അദ്ദേഹം ആരോപിച്ചു.
അംഗങ്ങളുടെ ക്ഷേമം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് അഡ്ഹോക്ക് കമ്മിറ്റി അധ്യക്ഷസ്ഥാനം ഏറ്റെടുത്തതെന്നും, എന്നാൽ ആ ചുമതല തനിക്ക് അനുയോജ്യമല്ലെന്ന് ബോധ്യപ്പെട്ടതിനാൽ തൊട്ടടുത്ത ദിവസം തന്നെ സ്ഥാനമൊഴിഞ്ഞതായും പിഷാരടി വ്യക്തമാക്കി.
ശ്വേത മേനോൻ ‘അമ്മ’യിൽ നിന്ന് രാജിവെച്ചെങ്കിലും, സംഘടനയുടെ മിനിറ്റ്സ് ബുക്ക് ഉൾപ്പെടെയുള്ള രേഖകളൊന്നും കൈമാറിയില്ലെന്നും അദ്ദേഹം സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.
കേസിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന ആവശ്യത്തോടെയാണ് രമേഷ് പിഷാരടി മുൻസിഫ് കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.
