തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അതിതീവ്ര ന്യൂനമർദ്ദം പശ്ചിമ ബംഗാൾ–ഒഡിഷ തീരത്ത് ദിഘയ്ക്ക് സമീപം കരയിൽ പ്രവേശിച്ചതോടെ കേരളത്തിൽ അടുത്ത ഒരാഴ്ച എല്ലാ ജില്ലകളിലും ഇടവേളകളോടുകൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നിലവിൽ ന്യൂനമർദ്ദം വടക്കൻ ഒഡിഷ–ഗംഗാതീര പശ്ചിമ ബംഗാൾ മേഖലയിലാണ് സ്ഥിതിചെയ്യുന്നത്. അടുത്ത 24 മണിക്കൂറിനിടെ വടക്കൻ ഒഡിഷ, തെക്കൻ ജാർഖണ്ഡ്, വടക്കൻ ഛത്തീസ്ഗഢ് മേഖലകളിലൂടെ സഞ്ചരിക്കാനാണ് സാധ്യത. ഇതിന്റെ സ്വാധീനത്തിൽ കേരളത്തിൽ മഴയുടെ ശക്തി വർധിക്കുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
അടുത്ത മൂന്ന് മണിക്കൂറിനിടെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും, നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ടാണ്.
ജൂലൈ 30-ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും, ജൂലൈ 31-ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്.
തീരദേശ മേഖലകളിൽ കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഇടിമിന്നൽ, ശക്തമായ കാറ്റ്, കനത്ത മഴ എന്നിവയുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ കാലാവസ്ഥാ മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ അനുസരിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
