Home Editorialകേരളത്തിനോട് എന്തിനിത്ര പക

കേരളത്തിനോട് എന്തിനിത്ര പക

by news_desk
0 comments

കേരളത്തിന്റെ വ്യവസായ സ്വപ്നങ്ങൾ ഒന്നൊന്നായി ചിറകറ്റു വീഴുമ്പോൾ, അതിലേറ്റവും വേദനാജനകമായ വാർത്തയാണ് കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറിയും അതിവേഗ റെയിൽ പദ്ധതികളും റെയിൽവേയുടെ പരിഗണനയിലില്ലെന്ന കേന്ദ്ര റെയിൽവേ മന്ത്രിയുടെ രാജ്യസഭയിലെ പ്രഖ്യാപനം. പതിറ്റാണ്ടിലേറെക്കാലം പ്രതീക്ഷയോടെ കാത്തിരുന്ന ഒരു ദേശീയ പദ്ധതി ഒറ്റവരിയിൽ അവസാനിപ്പിക്കപ്പെടുന്നത് ഒരു പദ്ധതിയുടെ മരണം മാത്രമല്ല; കേരളത്തിന്റെ വികസന സാധ്യതകളെ തള്ളിക്കളയുന്ന രാഷ്ട്രീയ തീരുമാനമായി മാത്രമേ അതിനെ കാണാനാകൂ. കേരളത്തെ അവഗണിക്കുകയെന്ന് നിസാരവൽക്കരിക്കാൻ കഴിയില്ല, തങ്ങളോട് ചേർന്ന് നിൽക്കാത്തതിനാൽ പ്രതികാരം തീർക്കുകയാണെന്ന് പറഞ്ഞാലും അതിശയോക്തിയില്ല. 2008-09ൽ അന്നത്തെ റെയിൽവേ മന്ത്രി ലാലു പ്രസാദ് യാദവ് പ്രഖ്യാപിച്ച കഞ്ചിക്കോട് കോച്ച് ഫാക്ടറി, ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ റെയിൽവേ നിർമാണ കേന്ദ്രങ്ങളിലൊന്നായി വളരുമെന്നായിരുന്നു പ്രതീക്ഷ. ഇതിനായി 228 ഏക്കർ ഭൂമി ഏറ്റെടുത്തു. പ്രാഥമിക നടപടികൾ ആരംഭിക്കുകയും ചെയ്തു. എന്നാൽ പിന്നീട് മാറിമാറി വന്ന കേന്ദ്ര സർക്കാരുകൾ പദ്ധതി മുന്നോട്ട് കൊണ്ടുപോകാതെ അനിശ്ചിതത്വത്തിലാക്കി. ഇപ്പോൾ പദ്ധതി പൂർണമായും ഉപേക്ഷിച്ചതായി വ്യക്തമാക്കുകയാണ് കേന്ദ്രം. റെയിൽവേ മന്ത്രിയുടെ വാദം, നിലവിലുള്ള കോച്ച് നിർമാണ കേന്ദ്രങ്ങൾ ഭാവി ആവശ്യങ്ങൾക്ക് മതിയെന്നതാണ്. എന്നാൽ ഇതേ യുക്തി ഉപയോഗിച്ച് രാജ്യത്തിന്റെ മറ്റു സംസ്ഥാനങ്ങളിൽ വൻതോതിൽ റെയിൽവേ പദ്ധതികൾക്കും വ്യവസായ വികസനങ്ങൾക്കും അനുമതി നൽകുന്നത് എങ്ങനെയാണ് ന്യായീകരിക്കുക? കേരളത്തിന് വരുമ്പോൾ മാത്രം വികസന പദ്ധതികൾ അനാവശ്യമാകുകയും മറ്റ് സംസ്ഥാനങ്ങൾക്ക് അവ അത്യാവശ്യമാകുകയും ചെയ്യുന്ന സമീപനം ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു. ഇത് ഒരു ഫാക്ടറിയുടെ നഷ്ടം മാത്രമല്ല. ആയിരക്കണക്കിന് നേരിട്ടും പരോക്ഷമായും തൊഴിലവസരങ്ങൾ സൃഷ്ടിക്കുമായിരുന്ന പദ്ധതി ഇല്ലാതാകുകയാണ്. അനുബന്ധ വ്യവസായങ്ങൾ, ചെറുകിട-ഇടത്തരം സംരംഭങ്ങൾ, ഗതാഗത മേഖല, സാങ്കേതിക പരിശീലന കേന്ദ്രങ്ങൾ, പ്രാദേശിക സമ്പദ്‌വ്യവസ്ഥ എന്നിവയ്ക്ക് ലഭിക്കുമായിരുന്ന ഉണർവും ഇതോടെ നഷ്ടമാകും. പാലക്കാടിനും കേരളത്തിനും ലഭിക്കേണ്ടിയിരുന്ന ഒരു ദേശീയ നിക്ഷേപമാണ് കൈവിട്ടുപോകുന്നത്. കേരളത്തോടുള്ള കേന്ദ്രത്തിന്റെ സമീപനം സമീപകാലത്ത് നിരന്തരം വിമർശനവിധേയമായിട്ടുണ്ട്. ദേശീയപാത, റെയിൽവേ വികസനം, എയിംസ്, വ്യവസായ പദ്ധതികൾ തുടങ്ങി നിരവധി വിഷയങ്ങളിൽ കേരളം അവഗണിക്കപ്പെടുന്നുവെന്ന പരാതി ശക്തമാണ്. അതിന്റെ തുടർച്ചയായി കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ പിന്മാറ്റവും കാണേണ്ടി വരുന്നു. രാഷ്ട്രീയ ഭിന്നതയുടെ പേരിൽ ഒരു സംസ്ഥാനത്തിന്റെ വികസന പദ്ധതികൾക്ക് വിലങ്ങുതടിയിടുന്നത് ഫെഡറൽ സംവിധാനത്തിന്റെ ആത്മാവിന് യോജിച്ചതല്ല. അതേസമയം, ഈ വിഷയത്തിൽ സംസ്ഥാന സർക്കാരുകളുടെ നിലപാടും വിമർശനങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ല. 2022-ൽ തന്നെ പദ്ധതി ഉപേക്ഷിക്കുമെന്ന സൂചനകൾ പുറത്തുവന്നിരുന്നു. പാർലമെന്റിലും വിഷയം ഉയർന്നിരുന്നു. എന്നിട്ടും ശക്തമായ രാഷ്ട്രീയ-ഭരണ ഇടപെടലുകൾ ഉണ്ടായില്ല. മാറിമാറി വന്ന സംസ്ഥാന സർക്കാരുകളും കേരളത്തിലെ ജനപ്രതിനിധികളും വിഷയത്തെ ദേശീയതലത്തിൽ ആവശ്യമായ ഗൗരവത്തോടെ പിന്തുടർന്നോ എന്ന ചോദ്യത്തിനും വ്യക്തമായ മറുപടി ലഭിക്കേണ്ടതുണ്ട്. രാജ്യത്ത് അതിവേഗത്തിൽ വളരുന്ന സംസ്ഥാനമാണ് കേരളം. ഒരു വിധത്തിൽ പറഞ്ഞാൽ രാജ്യത്തിന് തന്നെ മാതൃക, രാജ്യം ചിന്തിക്കും മുമ്പേ പല പദ്ധതികളും നടപ്പാക്കിയ സംസ്ഥാനമാണ് ഈ കൊച്ചു കേരളം. കേരളത്തിന്റെ യാത്രാ സൗകര്യങ്ങളിൽ ഏറെ വീർപ്പുമുട്ടുന്നത് പ്രധാനമായും ട്രെയിൻ ഗതാഗതത്തിലാണ്. റെയിൽവേക്ക് ഏറ്റവും വരുമാനമുണ്ടാക്കി നൽകുന്ന സംസ്ഥാനങ്ങളിൽ ഏറെ മുന്നിലാണ് കേരളം. രാജ്യത്ത് നടപ്പിലാക്കിയ വന്ദേഭാരതിൽ ലാഭകരമായുള്ളത് കേരളത്തിലാണെന്നത് റെയിൽവേയുടെ ഏറ്റവും ഒടുവിലെ കണക്കാണ്. ആവശ്യത്തിന് വണ്ടികളില്ലാത്തതും ഉള്ളത് തന്നെ കാര്യക്ഷമമല്ലാത്തതും തെല്ലൊന്നുമല്ല ട്രെയിൻ യാത്രികരെ വലക്കുന്നത്. ഇതിന്റെ ഭാഗമായിട്ടായിരുന്നു സംസ്ഥാനം നേരിട്ട് തന്നെ പല പദ്ധതികളും കേന്ദ്രത്തിന് മുന്നിൽ വെച്ചത്. അതിൽ പ്രധാനമായിരുന്നു ഏറെ വിവാദമായ സിൽവർലൈൻ, മെട്രോമാൻ ശ്രീധരന്റെ നേതൃത്വത്തിൽ തയ്യാറാക്കി അതിവേഗ റെയിൽ പദ്ധതികളും. എന്നാൽ ഇവകൾ രാഷ്ട്രീയ വിവാദങ്ങളിൽ കുടുങ്ങി. ഒരു ചർച്ചയിലൂടെ പരിഹരിക്കാമായിരുന്ന വിഷയത്തെ കേരളത്തിന്റെയെന്നതിനാൽ അതിനെ ഇല്ലാതാക്കുകയാണ് കേന്ദ്രസർക്കാർ ചെയ്തത്. ഇക്കാര്യത്തിൽ ശക്തമായ ഇടപെടൽ നടത്തേണ്ടിയിരുന്ന സംസ്ഥാന സർക്കാരും മൗനം പാലിച്ചുവെന്നത് ഗൗരവകരമാണ്. യാഥാർഥ്യമാകാൻ സാധ്യതയുണ്ടായിരുന്ന കഞ്ചിക്കോട് കോച്ച് ഫാക്ടറിയെ പോലും നഷ്ടപ്പെടുത്തുന്നത് കേരളത്തിന്റെ റെയിൽവേ വികസനത്തിന് ഇരട്ട പ്രഹരമാണ്. ആശയപരമായ തർക്കങ്ങളിൽ സമയം കളയുന്നതിനേക്കാൾ യാഥാർഥ്യബോധമുള്ള വികസന പദ്ധതികൾ നടപ്പാക്കുന്നതിലാണ് ഭരണകൂടങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.
ഇപ്പോഴെങ്കിലും സംസ്ഥാന സർക്കാർ ശക്തമായ നയതന്ത്ര-രാഷ്ട്രീയ ഇടപെടൽ നടത്തണം. കേന്ദ്രസർക്കാരുമായി അടിയന്തര ചർച്ചകൾ നടത്തുകയും പദ്ധതി പുനഃപരിശോധിക്കണമെന്ന് ഔദ്യോഗികമായി ആവശ്യപ്പെടുകയും വേണം. കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും എം.പിമാരും ജനപ്രതിനിധികളും ഈ വിഷയത്തിൽ ഒറ്റക്കെട്ടായി നിലകൊള്ളേണ്ട സമയമാണിത്. വികസനം രാഷ്ട്രീയത്തിന്റെ ഇരയാകരുത്.
കഞ്ചിക്കോട് കോച്ച് ഫാക്ടറി ഒരു വ്യവസായ പദ്ധതി മാത്രമായിരുന്നില്ല; കേരളത്തിന്റെ ഭാവി വികസനത്തിനുള്ള വലിയ അവസരമായിരുന്നു. ആ അവസരം നഷ്ടപ്പെടാൻ അനുവദിക്കുന്നത് ചരിത്രപരമായ വീഴ്ചയാകും. വികസനത്തിൽ കേരളത്തെ പിന്നോട്ടടിക്കുന്ന ഏത് തീരുമാനത്തെയും ജനാധിപത്യപരമായും ശക്തമായും ചോദ്യം ചെയ്യേണ്ടത് സംസ്ഥാനത്തിന്റെ അവകാശവും കടമയുമാണ്.

You may also like