ബൊഗോട്ട: തെക്കേ അമേരിക്കൻ രാജ്യമായ കൊളംബിയയിൽ ശക്തമായ ഭൂചലനത്തിൽ വ്യാപക നാശനഷ്ടം. ഇന്ത്യൻ സമയം വൈകുന്നേരം 6.04ഓടെ അനുഭവപ്പെട്ട ഭൂചലനത്തിന് റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തി. 20 പേർ മരിച്ചതായും തകർന്ന കെട്ടിടങ്ങൾക്കടിയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുണ്ട്.
ചോക്കോ പ്രവിശ്യയിൽ ഭൂനിരപ്പിൽ നിന്ന് 103 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് കൊളംബിയൻ ജിയോളജിക്കൽ സർവീസ് അറിയിച്ചു. കൊളംബിയൻ നഗരമായ പെരേരയിൽ 18 പേർ മരിച്ചതായി സിറ്റി മേയർ അറിയിച്ചു. പ്രാദേശിക സമയം രാവിലെ 7.34നായിരുന്നു ഭൂചലനം. ചോക്കോ പ്രവിശ്യയിലെ സാൻ ജോസ് ഡെൽ പാൽമറാണ് പ്രഭവകേന്ദ്രം.
തലസ്ഥാനമായ ബൊഗോട്ടയിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു. മരങ്ങളും ട്രാഫിക് ലൈറ്റുകളും കുലുങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. അയൽരാജ്യങ്ങളായ വെനസ്വേലയിലും ഇക്വഡോറിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.
ആളുകൾക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും കൃത്യമായ കണക്ക് ലഭ്യമല്ലെന്ന് ചോക്കോ പ്രവിശ്യ ഗവർണർ നൂബിയ കരോലിന കോർഡോബ പറഞ്ഞു. 25 കെട്ടിടങ്ങൾ തകർന്നതായി കാലി മേയർ അറിയിച്ചു. ബൊഗോട്ടയിൽ കെട്ടിടങ്ങൾക്ക് വിള്ളലുകൾ ഉണ്ടായതല്ലാതെ മറ്റ് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മേയർ കാർലോസ് ഫെർണാണ്ടോ ഗാലൻ അറിയിച്ചു. തത്സമയ വാർത്താ സംപ്രേഷണത്തിനിടെ ചാനൽ സ്റ്റുഡിയോയിലെ ഫർണിച്ചറുകൾ കുലുങ്ങുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
പെരേര, മനിസാലെസ്, ക്വിബ്ദോ, അർമേനിയ, കാർട്ടാഗോ, ബ്യൂണാവെഞ്ചുറ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവിടങ്ങളിലെ വ്യോമഗതാഗതം താൽക്കാലികമായി നിർത്തിവെച്ചതായി കൊളംബിയൻ വ്യോമയാന അതോറിറ്റി അറിയിച്ചു.
