ന്യൂഡൽഹി: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, മരുമകൻ സാഗർ അദാനി, അദാനി ഗ്രീൻ മുൻ സിഇഒ വിനീത് ജെയ്ൻ എന്നിവർക്കെതിരായ ക്രിമിനൽ കേസ് യുഎസ് കോടതി തള്ളി. ന്യൂയോർക്കിലെ ഈസ്റ്റേൺ ഡിസ്ട്രിക്റ്റ് കോടതിയാണ് യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റിന്റെ ഹർജി അംഗീകരിച്ച് കേസ് ‘വിത്ത് പ്രെജുഡീസ്’ എന്ന നിലയിൽ റദ്ദാക്കിയത്. ഇതോടെ ഭാവിയിൽ ഇതേ കേസുമായി വീണ്ടും കോടതിയെ സമീപിക്കാൻ കഴിയാത്തവിധം നടപടികൾ അവസാനിച്ചു.
ഇന്ത്യയിൽ സൗരോർജ കരാറുകൾ ലഭിക്കുന്നതിനായി ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാൻ ഗൂഢാലോചന നടത്തിയെന്നായിരുന്നു ഗൗതം അദാനി ഉൾപ്പെടെയുള്ളവർക്കെതിരായ പ്രധാന ആരോപണം. 2024 നവംബറിൽ ബൈഡൻ ഭരണകൂടത്തിന്റെ അവസാന കാലത്താണ് ആരോപണങ്ങൾ പുറത്തുവന്നത്.
ഏകദേശം 250 ദശലക്ഷം യുഎസ് ഡോളർ, അതായത് 2,100 കോടിയിലധികം രൂപ, കൈക്കൂലിയായി നൽകാൻ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. ഇതിലൂടെ അടുത്ത 20 വർഷത്തിനിടെ രണ്ട് ബില്യൺ ഡോളറിലധികം നികുതിക്ക് ശേഷമുള്ള ലാഭം നേടാനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിട്ടതെന്നും ആരോപണമുണ്ടായിരുന്നു.
യുഎസ് വിപണിയിൽനിന്ന് വായ്പകളും ബോണ്ടുകളും വഴി മൂന്ന് ബില്യൺ ഡോളറിലധികം സമാഹരിച്ചപ്പോൾ നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചെന്ന ആരോപണവും കേസിലുണ്ടായിരുന്നു. എന്നാൽ ആരോപണങ്ങൾ അദാനി ഗ്രൂപ്പ് തുടക്കം മുതൽ നിഷേധിച്ചിരുന്നു.
ട്രംപ് ഭരണകൂടത്തിന്റെ നിലപാട്
കേസുമായി മുന്നോട്ടുപോകുന്നത് നീതിനിർവഹണത്തിന് അനുയോജ്യമല്ലെന്ന് നിലവിലെ ട്രംപ് ഭരണകൂടം കോടതിയെ അറിയിച്ചു. പ്രധാന ആരോപണങ്ങൾ ഇന്ത്യയിലാണ് നടന്നതെന്നും ഇന്ത്യൻ അധികൃതർ വിഷയം പരിശോധിച്ചിട്ടുണ്ടെന്നും യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് ചൂണ്ടിക്കാട്ടി.
കേസുമായി ബന്ധപ്പെട്ട് നിക്ഷേപകർക്ക് സാമ്പത്തിക നഷ്ടമുണ്ടായതായി തെളിയിക്കാൻ സാധിച്ചിട്ടില്ലെന്നും ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി. യുഎസിൽ 10 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന അദാനിയുടെ മുൻ വാഗ്ദാനം കേസ് പിൻവലിക്കാനുള്ള കാരണമായിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
കേസ് ‘വിത്ത് പ്രെജുഡീസ്’ ആയി തള്ളിയതോടെ വിചാരണ കൂടാതെയാണ് നിയമനടപടികൾ അവസാനിച്ചത്. സാക്ഷികളെ വിസ്തരിക്കുകയോ തെളിവുകൾ കോടതിയിൽ വിചാരണ ചെയ്യുകയോ ചെയ്തിട്ടില്ല.
ഗൗതം അദാനിയുടെ പ്രതികരണം
സത്യത്തിലും നീതിയിലുമുള്ള വിശ്വാസം കാത്തുസൂക്ഷിച്ചുവെന്നായിരുന്നു സംഭവത്തിന് പിന്നാലെ ഗൗതം അദാനിയുടെ പ്രതികരണം. പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിലുടനീളം സത്യത്തിലും നിഷ്പക്ഷതയിലും നിയമവാഴ്ചയിലും തങ്ങൾ അടിയുറച്ച് വിശ്വസിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
തങ്ങളിലും നീതിന്യായ വ്യവസ്ഥയിലും വിശ്വാസം അർപ്പിച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും രാജ്യത്തിനായി മുന്നേറാനും മൂല്യം സംരക്ഷിക്കാനും തുടർന്നും പ്രതിജ്ഞാബദ്ധരായിരിക്കുമെന്നും ഗൗതം അദാനി വ്യക്തമാക്കി.
