Home Kerala‘സ്വാതന്ത്ര്യദിനം ആഘോഷത്തിൽ മാത്രം ഒതുക്കരുത്, ആത്മപരിശോധന വേണം’; ആശംസകളുമായി പിണറായി വിജയൻ

‘സ്വാതന്ത്ര്യദിനം ആഘോഷത്തിൽ മാത്രം ഒതുക്കരുത്, ആത്മപരിശോധന വേണം’; ആശംസകളുമായി പിണറായി വിജയൻ

by news_desk1
0 comments

തിരുവനന്തപുരം: രാജ്യം സ്വാതന്ത്ര്യം നേടിയിട്ട് 79 വർഷം പൂർത്തിയാക്കി 80-ാം സ്വാതന്ത്ര്യദിനത്തിലേക്ക് കടക്കുന്ന വേളയിൽ ആഘോഷങ്ങൾക്കപ്പുറം ഇന്ത്യയുടെ സമകാലിക രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളെക്കുറിച്ച് ഗൗരവമായ ആത്മപരിശോധന നടത്തണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സ്വാതന്ത്ര്യദിന സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

സാമ്രാജ്യത്വത്തിന്റെ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ് രാജ്യം സ്വതന്ത്രമായതിന്റെ ഓർമ പുതുക്കുന്ന ഈ ദിനത്തെ കേവലം ആഘോഷമായി ചുരുക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യവും ബഹുസ്വരതയും ഇന്ന് വലിയ വെല്ലുവിളികൾ നേരിടുകയാണെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.

‘നാനാത്വത്തിൽ ഏകത്വം’ എന്ന ആശയത്തിന്റെ കരുത്ത് ദുർബലപ്പെടുത്താനും ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ വിഭജിക്കാനുമുള്ള ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ട്. വർഗീയതയ്ക്ക് രാജ്യത്ത് സ്ഥാനമില്ലെന്നും ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങൾ കൈവിടാതെ സംരക്ഷിക്കുമെന്നും ഈ സ്വാതന്ത്ര്യദിനത്തിൽ ഉറച്ചുപറയേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തൊഴിലില്ലായ്മ, വിലക്കയറ്റം, വർധിച്ചുവരുന്ന സാമ്പത്തിക അസമത്വം തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ചൂഷണങ്ങൾക്ക് അറുതി വരുത്തുന്നതിനും സ്വാതന്ത്ര്യസമരത്തിന്റെ ഓർമകൾ കരുത്തേകുമെന്നും പിണറായി വിജയൻ പറഞ്ഞു.

സ്വാതന്ത്ര്യസമര സേനാനികൾ സ്വപ്നം കണ്ടത് ഒരു പ്രത്യേക വിഭാഗത്തിന്റെ മാത്രം ഇന്ത്യയല്ലെന്നും എല്ലാ പൗരന്മാർക്കും തുല്യനീതിയും സ്വാതന്ത്ര്യവും ലഭിക്കുന്ന മതനിരപേക്ഷ ജനാധിപത്യ രാജ്യമായിരുന്നുവെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഭരണഘടനാ മൂല്യങ്ങളെ ഭരണഘടനാബാഹ്യ ഇടപെടലുകളിൽ നിന്ന് സംരക്ഷിക്കുകയെന്നത് ഇന്നത്തെ കാലഘട്ടം നമ്മോട് ആവശ്യപ്പെടുന്ന ഏറ്റവും വലിയ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും മതിലുകൾ പൊളിച്ചെറിഞ്ഞ് മാനവികതയും സാഹോദര്യവും നിറഞ്ഞ ഇന്ത്യ കെട്ടിപ്പടുക്കാൻ എല്ലാവരും ഒരുമിക്കണമെന്നും പിണറായി വിജയൻ ആഹ്വാനം ചെയ്തു. എല്ലാവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകളും അദ്ദേഹം നേർന്നു.

You may also like