Home Nationalപാൻ മസാല പരസ്യത്തിൽ അഭിനയിച്ചു; ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്രോഫിന് മഹാരാഷ്ട്ര എഫ്ഡിഎ നോട്ടീസ്

പാൻ മസാല പരസ്യത്തിൽ അഭിനയിച്ചു; ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്രോഫിന് മഹാരാഷ്ട്ര എഫ്ഡിഎ നോട്ടീസ്

by news_desk1
0 comments

മുംബൈ: പാൻ മസാലയെ പ്രോത്സാഹിപ്പിച്ചെന്ന ആരോപണത്തിൽ ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്രോഫ് എന്നിവർക്ക് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) നോട്ടീസ് നൽകി. ‘വിമൽ ഏലാഞ്ചി’യുടെ പരസ്യത്തിൽ അഭിനയിച്ചതുമായി ബന്ധപ്പെട്ടാണ് നടപടി. വിമൽ പാൻ മസാലയ്ക്ക് പരോക്ഷമായി പരസ്യം നൽകിയെന്നാണ് എഫ്ഡിഎയുടെ ആരോപണം.

പരസ്യത്തിൽ ഓരോ താരത്തിന്റെയും പങ്ക് എന്താണെന്ന് വ്യക്തമാക്കണമെന്നാണ് നോട്ടീസിലെ നിർദേശം. വിമൽ പാൻ മസാല ബ്രാൻഡുമായി ചേർന്നാണ് പരസ്യം ചിത്രീകരിച്ചതെന്നും ഇത് പാൻ മസാലയുടെ നേരിട്ടല്ലാത്ത പ്രചാരണത്തിന് കാരണമാകുമെന്നുമാണ് എഫ്ഡിഎ വ്യക്തമാക്കുന്നത്.

പരസ്യം വിശദമായി പരിശോധിച്ചതിന് പിന്നാലെ പ്രഥമദൃഷ്ട്യാ തന്നെ ഇത് വിമൽ ബ്രാൻഡിനെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് വ്യക്തമായതായി അധികൃതർ പറഞ്ഞു. താരങ്ങൾ പ്രധാനമായും കൈകാര്യം ചെയ്യുന്നത് പാൻ മസാല ഉത്പന്നങ്ങളാണെന്നും പാൻ മസാലയുടെ നിർമാണം, സംഭരണം, വിതരണം എന്നിവ മഹാരാഷ്ട്രയിൽ നിരോധിച്ചിട്ടുണ്ടെന്നും അധികൃതർ വിശദീകരിച്ചു.

പരോക്ഷമായ രീതിയിൽ ഒരു ബ്രാൻഡിന്റെ പരസ്യം ഇത്തരത്തിൽ നടന്നതായി ശ്രദ്ധയിൽപ്പെടുന്നത് ആദ്യമായാണെന്നും എഫ്ഡിഎ അധികൃതർ ചൂണ്ടിക്കാട്ടി. പരസ്യത്തിന്റെ അവതരണം, സംഭാഷണം, ഉത്പന്നത്തിന്റെ പേര്, വിപണി പശ്ചാത്തലം എന്നിവ നിരോധിത ഉത്പന്നത്തിന്റെ പ്രചാരണമാണോ നടത്തുന്നതെന്ന ഗൗരവതരമായ ചോദ്യമാണ് ഉയരുന്നതെന്നും അധികൃതർ വ്യക്തമാക്കി.

2012 മുതൽ പുകയില അടങ്ങിയ ഗുഡ്കയ്ക്കും പാൻ മസാലയ്ക്കും മഹാരാഷ്ട്രയിൽ നിരോധനമുണ്ട്. കമ്മീഷണർ തുക്കാറാം മുണ്ടെയുടെ നേതൃത്വത്തിൽ ഇത്തരം ഉത്പന്നങ്ങളുടെ വിൽപ്പനയ്ക്കും പ്രചാരണത്തിനുമെതിരെ എഫ്ഡിഎ നിലവിൽ കർശന നടപടി സ്വീകരിച്ചുവരികയാണ്.

You may also like