കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി ബന്ധപ്പെട്ട തർക്കത്തിൽ സ്ഥാപന ഉടമകൾ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുമായി ചർച്ച നടത്തി. ജില്ലയിലെ മൂന്ന് എംഎൽഎമാർ ഉൾപ്പെടെ പങ്കെടുത്ത ചർച്ചയിൽ പ്രശ്നപരിഹാരത്തിനുള്ള വഴികൾ തേടിയെങ്കിലും നാട്ടുകാർക്കെതിരെ നൽകിയ കേസുകൾ പിൻവലിക്കണമെന്ന സമരസമിതിയുടെ പ്രധാന ആവശ്യത്തിൽ ധാരണയിലെത്താനായില്ല.
കേസുകൾ പിൻവലിക്കുന്നതിൽ വ്യക്തമായ തീരുമാനമുണ്ടാകാത്തതിനാൽ വിഷയത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ചർച്ചകൾ തുടരുമെന്നും പ്രശ്നം രമ്യമായി പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.
ഫ്രഷ് കട്ട് ശാശ്വത പരിഹാരത്തിനുള്ള നിർദേശം മുന്നോട്ടുവച്ചാൽ സർക്കാർ അത് പരിഗണിക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിഷയത്തിൽ നടപടി സ്വീകരിച്ചത് ജനകീയ പ്രശ്നമായതിനാലാണെന്നും എല്ലാവരും യോജിച്ച് പ്രശ്നപരിഹാരം കാണുമെന്നും മന്ത്രി വ്യക്തമാക്കി. ഫ്രഷ് കട്ട് വിഷയത്തിൽ ശാശ്വത പരിഹാരം ഉണ്ടാക്കുമെന്നും ഇതിനായി എംഎൽഎമാർ ശ്രമിച്ചുവരികയാണെന്നും സർക്കാർ പിന്തുണ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രം നിലവിൽ പ്രവർത്തിക്കുന്നതിന് തടസങ്ങളില്ല. സ്ഥാപനം അടച്ചുപൂട്ടാനുള്ള മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവിനുള്ള സ്റ്റേ ഹൈക്കോടതി കഴിഞ്ഞ ദിവസം നീട്ടി. ഈ മാസം 20 വരെയാണ് അടച്ചുപൂട്ടൽ ഉത്തരവിനുള്ള സ്റ്റേ നീട്ടിയത്.
ജില്ലാ കളക്ടറും മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും നടത്തിയ സംയുക്ത പരിശോധനയുടെ റിപ്പോർട്ട് സർക്കാർ കോടതിയിൽ സമർപ്പിച്ചിരുന്നു. സ്ഥാപനം പ്രവർത്തിക്കാതിരുന്നതിനാൽ പരിശോധനയിൽ കാര്യമായ മലിനീകരണ പ്രശ്നങ്ങൾ കണ്ടെത്താനായില്ലെന്നാണ് കോടതിയെ അറിയിച്ചത്. സ്ഥാപനം പ്രവർത്തനം പുനരാരംഭിച്ച ശേഷം വീണ്ടും പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.
ശീതീകരണ സംവിധാനമുള്ള വാഹനങ്ങളിൽ മാത്രമേ അറവ് മാലിന്യം കൊണ്ടുപോകാവൂ എന്നതടക്കമുള്ള നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
