കൊച്ചി: 20 ലക്ഷം രൂപ വിലമതിക്കുന്ന 65 ഗ്രാം ഹെറോയിനുമായി യുവതി ഉൾപ്പെടെ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് പിടികൂടി. അസം നൗഗാവ് സ്വദേശികളായ ബഹാറുൽ ഇസ്ലാം (26), മുക്സിദുൽ ഇസ്ലാം (33), രശ്മി കാത്തൂൻ (21) എന്നിവരാണ് പിടിയിലായത്. പെരുമ്പാവൂർ എസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും തടിയിട്ടപറമ്പ് പൊലീസും ചേർന്നാണ് ഇവരെ പിടികൂടിയത്.
അസമിൽനിന്ന് ട്രെയിൻ മാർഗം ആലുവയിലെത്തിയ സംഘം ഓട്ടോയിൽ പെരുമ്പാവൂരിലേക്ക് പോകുന്നതിനിടെ സൗത്ത് വാഴക്കുളം ഭാഗത്തുവച്ചാണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കുറച്ചുനാളുകളായി ഇവർ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
ബാഗിൽ വസ്ത്രങ്ങൾക്കിടയിൽ അഞ്ച് സോപ്പ് പെട്ടികളിലായാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. മയക്കുമരുന്ന് വിൽപ്പന നടത്തിയതിന് പിന്നാലെ അടുത്ത ദിവസം തന്നെ അസമിലേക്ക് മടങ്ങുകയായിരുന്നു ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. ഇടയ്ക്കിടെ കേരളത്തിലെത്താറുണ്ടെന്നും പിടിയിലായവർ പൊലീസിനോട് വ്യക്തമാക്കി.
ഇവരിൽനിന്ന് മയക്കുമരുന്ന് വാങ്ങുന്നവരെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.
