ബെംഗളൂരു: റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ നിലവാരം പരിശോധിക്കാൻ നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. 36 റെയിൽവേ സ്റ്റേഷനുകളിലെ കാന്റീനുകളിലും ഫുഡ് സ്റ്റാളുകളിലും നടത്തിയ മിന്നൽ പരിശോധനയിലാണ് പഴകിയതും വൃത്തിഹീനവുമായ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തത്.
പാചകത്തിനായി പൂപ്പൽ ബാധിച്ച പച്ചക്കറികളും കാലാവധി കഴിഞ്ഞ തൈരും ഉപയോഗിച്ചിരുന്നതായി പരിശോധനയിൽ കണ്ടെത്തി. ഇഡ്ഡലി, സമൂസ തുടങ്ങിയ പലഹാരങ്ങൾ വൃത്തിഹീനമായ സാഹചര്യത്തിലാണ് സൂക്ഷിച്ചിരുന്നതെന്നും അധികൃതർ അറിയിച്ചു.
കെ.ആർ. പുരത്തെ ഫുഡ് സ്റ്റാളിൽ പാചകവും ഭക്ഷണവിതരണവും വൃത്തിഹീനമായ സാഹചര്യത്തിലാണ് നടന്നിരുന്നതെന്നും പരിശോധനയിൽ കണ്ടെത്തി. മൈസൂരു–ഹാവേരി സെക്ഷനിലാണ് ഏറ്റവും കൂടുതൽ ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്തത്.
അതേസമയം, ബെംഗളൂരു–എറണാകുളം വന്ദേഭാരത് എക്സ്പ്രസിൽ നടത്തിയ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയില്ല. ട്രെയിനിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ നിലവാരവും ശുചിത്വവും ഉയർന്ന നിലവാരം പുലർത്തുന്നതായി അധികൃതർ അറിയിച്ചു.
