പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള കേന്ദ്രസർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി വി.കെ. ശ്രീകണ്ഠൻ എം.പി. കേരളത്തിലെ എം.പിമാരെയും സംസ്ഥാന സർക്കാരിനെയും അറിയിക്കാതെയുള്ള അർധരാത്രിയിലെ നീക്കം കർണാടകയിലെ ബിജെപിയെ പ്രീണിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് അദ്ദേഹം ആരോപിച്ചു.
പാലക്കാട് ഡിവിഷൻ വിഭജിക്കില്ലെന്ന് റെയിൽവേ മന്ത്രി കേരളത്തിന് നൽകിയ ഉറപ്പിന്റെ നഗ്നമായ ലംഘനമാണ് പുതിയ നടപടിയെന്നും വി.കെ. ശ്രീകണ്ഠൻ വ്യക്തമാക്കി.
മംഗലാപുരത്തെ പാലക്കാട് ഡിവിഷനിൽ നിന്ന് ഒഴിവാക്കുന്നതിലൂടെ വരുമാനവും ഫണ്ടും കുറച്ച് ഡിവിഷനെ പൂർണമായും ദുർബലപ്പെടുത്താനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തോട് ആലോചിക്കാതെയുള്ള ജനവിരുദ്ധമായ റെയിൽവേ നീക്കത്തിനെതിരെ പാർലമെന്റിനകത്തും പുറത്തും ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും വി.കെ. ശ്രീകണ്ഠൻ എം.പി. മുന്നറിയിപ്പ് നൽകി.
