കണ്ണൂർ: കണ്ണൂർ സൈബർ ക്രൈം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം. തലശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. എന്നാൽ മറ്റ് മൂന്ന് കേസുകളിൽ നിലവിൽ റിമാൻഡിൽ കഴിയുന്നതിനാൽ ജാമ്യം ലഭിച്ചാലും അർജുൻ ആയങ്കിക്ക് പുറത്തിറങ്ങാനാകില്ല. കാപ്പാ കേസ് ഉൾപ്പെടെ അർജുൻ ആയങ്കിക്കെതിരെ മറ്റ് കേസുകളും നിലവിലുണ്ട്.
കഴിഞ്ഞ ദിവസമാണ് അർജുൻ ആയങ്കിക്കെതിരെ കാപ്പാ നിയമപ്രകാരം നടപടി സ്വീകരിച്ചത്. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ സമർപ്പിച്ച പ്രത്യേക ശുപാർശ ജില്ലാ കളക്ടർ അംഗീകരിച്ചതിന് പിന്നാലെയാണ് കാപ്പാ ചുമത്തിയത്. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന അർജുൻ ആയങ്കി ജാമ്യത്തിൽ പുറത്തിറങ്ങിയാൽ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ആഭ്യന്തര മന്ത്രിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് കണ്ണൂർ സൈബർ ക്രൈം പൊലീസ് അർജുൻ ആയങ്കിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസിലാണ് ആദ്യം അറസ്റ്റ് രേഖപ്പെടുത്തിയത്. തലശ്ശേരി സബ് ജയിലിലെത്തിയാണ് പ്രത്യേക അന്വേഷണസംഘം അർജുൻ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കണ്ണൂർ താളിക്കാവിലെ അഭിഭാഷക ദമ്പതികളുടെ വീട്ടിൽ നിന്നാണ് അർജുൻ ആയങ്കിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പിന്നീട് അർജുൻ ആയങ്കിയെ തലശ്ശേരി സബ് ജയിലിലേക്ക് മാറ്റി.
ഇതിനിടെ കോതമംഗലം സി.ഐയെ ഭീഷണിപ്പെടുത്തിയ കേസിലും അർജുൻ ആയങ്കിയെ വീണ്ടും റിമാൻഡ് ചെയ്തിരുന്നു. വിവിധ കേസുകളിൽ നിയമനടപടികൾ തുടരുന്നതിനാൽ സൈബർ ക്രൈം കേസിൽ ജാമ്യം ലഭിച്ചിട്ടും നിലവിലെ കസ്റ്റഡി സാഹചര്യത്തിൽ ഇയാൾക്ക് പുറത്തിറങ്ങാൻ കഴിയില്ല.
