Home Keralaസൗജന്യ ഓണക്കിറ്റ് വിതരണം 100 ശതമാനം പൂർത്തിയായി; തിരുവോണത്തിന് നാല് ദിവസം മുമ്പേ വിതരണം പൂർത്തിയാക്കി: അനൂപ് ജേക്കബ്

സൗജന്യ ഓണക്കിറ്റ് വിതരണം 100 ശതമാനം പൂർത്തിയായി; തിരുവോണത്തിന് നാല് ദിവസം മുമ്പേ വിതരണം പൂർത്തിയാക്കി: അനൂപ് ജേക്കബ്

by news_desk1
0 comments

തിരുവനന്തപുരം: സംസ്ഥാന ഭക്ഷ്യവകുപ്പിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം 100 ശതമാനം പൂർത്തിയായതായി ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. തിരുവോണത്തിന് നാല് ദിവസം മുമ്പ് തന്നെ വിതരണം പൂർത്തിയാക്കി റെക്കോർഡ് നേട്ടം കൈവരിച്ചതായും മന്ത്രി വ്യക്തമാക്കി.

സപ്ലൈകോ വഴി ലക്ഷ്യമിട്ട 5,93,408 ഓണക്കിറ്റുകൾ തയ്യാറാക്കി റേഷൻ കടകളിൽ എത്തിച്ചു. ഇതിന് പുറമെ ക്ഷേമ സ്ഥാപനങ്ങൾക്കായി 8,902 സൗജന്യ കിറ്റുകളും നൽകിയിട്ടുണ്ട്. ടി.എസ്.ഒമാരിൽ നിന്ന് ലഭിച്ച ഡിമാൻഡ് 6,02,310 കിറ്റുകളാണ്. ഇതുവരെ 4,30,254 റേഷൻ കാർഡ് ഉടമകൾ ഓണക്കിറ്റ് കൈപ്പറ്റിയതായും മന്ത്രി അറിയിച്ചു. നിലവിൽ 1,59,582 കിറ്റുകൾ റേഷൻ കടകളിൽ സ്റ്റോക്കുണ്ട്.

ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും ഉപഭോക്താക്കൾക്ക് അവശ്യസാധനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനുമായി സപ്ലൈകോ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി മന്ത്രി പറഞ്ഞു.

റേഷൻ കടകളിലൂടെയും സപ്ലൈകോ ഔട്ട്‌ലെറ്റുകളിലൂടെയും സബ്സിഡി സാധനങ്ങളുടെ ലഭ്യത പൂർണമായി ഉറപ്പാക്കിയാണു സർക്കാർ മുന്നോട്ടുപോകുന്നത്. ഓണവിപണിയിൽ പൊതുജനങ്ങൾക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഓണത്തോടനുബന്ധിച്ച് 13 ഇനം സബ്സിഡി സാധനങ്ങളുടെ ലഭ്യതയും ഉറപ്പാക്കിയിട്ടുണ്ട്. സെപ്റ്റംബർ മാസത്തെ അലോട്ട്മെന്റ് ഓഗസ്റ്റിൽ തന്നെ ലഭ്യമാക്കി 1,65,000 മെട്രിക് ടൺ അരി പൊതുവിപണിയിൽ എത്തിക്കാൻ കഴിഞ്ഞത് ജനങ്ങൾക്ക് ആശ്വാസമാകുമെന്ന് മന്ത്രി പറഞ്ഞു.

സപ്ലൈകോയുടെ ഓണം ഫെയറുകളിലൂടെയും ഔട്ട്‌ലെറ്റുകളിലൂടെയും മിതമായ നിരക്കിൽ സാധനങ്ങൾ ലഭ്യമാക്കി വിപണിയിലെ വിലനിലവാരം നിയന്ത്രിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അനൂപ് ജേക്കബ് വ്യക്തമാക്കി. സർക്കാർ ഒരുക്കിയിരിക്കുന്ന ഓണം ഫെയറുകളും മറ്റ് സൗകര്യങ്ങളും പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

You may also like