ന്യൂഡൽഹി: ഉത്തർപ്രദേശിലും ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളിലും ദളിത് വിവേചനം ഇന്നും തുടരുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുന്‍ ഖാർഗെ എത്തിയ മൈതാനം ശുദ്ധികലശം നടത്തിയതായും രാജസ്ഥാനിലെ പ്രതിപക്ഷ നേതാവ് ക്ഷേത്രത്തിൽ പോയതിന് പിന്നാലെ ശുദ്ധീകരണ ചടങ്ങ് നടത്തിയതായും അദ്ദേഹം പറഞ്ഞു. ഇത്തരം നടപടികൾക്ക് പിന്നിൽ ബിജെപിയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
വിദ്യാലയങ്ങളിലും ചായക്കടകളിലും വിവാഹച്ചടങ്ങുകളിലും കുടിവെള്ളം ഉപയോഗിക്കുന്നതിലുമെല്ലാം ദളിതർക്കെതിരായ വിവേചനം നിലനിൽക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു. ബിജെപിയും ആർഎസ്എസും ദളിത് നേതാക്കളെ അധിക്ഷേപിക്കുകയാണെന്നും ഇത് കുറ്റകരമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ദളിതർ പ്രവേശിച്ച സ്ഥലങ്ങളിൽ ശുദ്ധീകരണം നടത്തിയത് ബിജെപി, ആർഎസ്എസ് പ്രവർത്തകരാണെന്നും അദ്ദേഹം ആരോപിച്ചു. ദളിതർക്കും ബഹുമാനം ലഭിക്കണമെന്ന ആവശ്യം പോലും അംഗീകരിക്കാൻ ഇവർ തയ്യാറല്ലെന്നും രാഹുൽ ഗാന്ധി തുറന്നടിച്ചു.
മല്ലികാർജുന്‍ ഖാർഗെയ്ക്കെതിരായ നടപടിയിൽ കോൺഗ്രസ് നേതാക്കൾ പിന്തുണച്ചില്ലെന്ന് ഖാർഗെ പറഞ്ഞിട്ടില്ലെന്നും ചിലർ പിന്തുണച്ചില്ലെന്നാണ് അദ്ദേഹം പറഞ്ഞതെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. താൻ ഖാർഗെയെ പിന്തുണച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഖാർഗെയുടെ വിഷയം ഒറ്റപ്പെട്ട സംഭവമല്ലെന്നും മഞ്ഞുമലയുടെ ചെറിയൊരു ഭാഗം മാത്രമാണെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. ഒരു മുതിർന്ന നേതാവിന് ഇത്തരം അനുഭവം നേരിടേണ്ടി വരുമ്പോൾ മറ്റുള്ളവരുടെ അവസ്ഥ എന്തായിരിക്കുമെന്ന് അദ്ദേഹം ചോദിച്ചു.
കുറ്റവാളികളെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും ഇത്തരം നടപടികൾ പ്രധാനമന്ത്രിയുടെ പ്രത്യയശാസ്ത്രത്തിന്റെ പ്രതിഫലനമാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഖാർഗെയുടെ വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ താൻ തയ്യാറല്ലെന്നും ഇപ്പോൾ തന്റെ മുഴുവൻ ശ്രദ്ധയും ഖാർഗെയുടെ വിഷയത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സോണിയ ഗാന്ധിയുടെ പുസ്തകവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇപ്പോൾ പ്രതികരിക്കാൻ താൽപര്യമില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
