Home Kerala‘സ്ത്രീകൾ വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കണം’; പൊതുവേദിയിൽ ഇറങ്ങിയാൽ നാശമെന്ന് കാന്തപുരം

‘സ്ത്രീകൾ വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കണം’; പൊതുവേദിയിൽ ഇറങ്ങിയാൽ നാശമെന്ന് കാന്തപുരം

by news_desk1
0 comments

കൊച്ചി: സ്ത്രീകൾ വീട്ടിൽ അടങ്ങി ഒതുങ്ങി കഴിയണമെന്നും പൊതുവേദികളിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. ഖുറാൻ പഠിപ്പിക്കുന്നത് ഇതാണെന്നും, എതിർപ്പുകളെ ഭയന്ന് ഇത്തരം കാര്യങ്ങൾ പറയുന്നതിൽ നിന്ന് പിന്മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കൊച്ചിയിൽ നടന്ന പ്രവാചക പ്രകീർത്തന സമ്മേളനത്തിലാണ് കാന്തപുരത്തിന്റെ പരാമർശം. സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങരുതെന്ന് പറയുന്നത് അവരോടുള്ള ബഹുമാനം കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. അന്യപുരുഷന്മാർക്കിടയിൽ അത്തരം സാഹചര്യം ഉണ്ടാകാതിരിക്കാനാണ് ഇസ്‌ലാം പർദ്ദ ഏർപ്പെടുത്തിയതെന്നും മതം പഠിപ്പിക്കുന്നത് ഇതാണെന്നും കാന്തപുരം കൂട്ടിച്ചേർത്തു.

തന്റെ പരാമർശങ്ങളെ ആരെങ്കിലും ചോദ്യം ചെയ്യുകയോ വിമർശിക്കുകയോ ചെയ്താൽ ഭയന്ന് പിന്മാറില്ലെന്നും കാന്തപുരം പറഞ്ഞു. ഇത്തരം കാര്യങ്ങൾ പറയുമ്പോൾ തനിക്ക് എന്താണ് അധികാരമെന്ന് ചില സംഘടനകൾ ചോദ്യം ചെയ്യാറുണ്ട്. എന്നാൽ മതത്തെക്കുറിച്ച് കൃത്യമായി പഠിച്ചവരാണ് തങ്ങളെന്നും മുസ്‌ലിം സമുദായത്തോട് ഇക്കാര്യങ്ങൾ പറയാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. എതിർപ്പുകളെ ഭയക്കാതെ ഇനിയും ഇത്തരം കാര്യങ്ങൾ തുറന്നുപറയുമെന്നും വ്യക്തമാക്കി.

അന്യപുരുഷന്മാർക്കിടയിലോ പൊതുവിടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്ന സമസ്ത കാന്തപുരം വിഭാഗത്തിന്റെ സർക്കുലർ വിവാദമായതിന് പിന്നാലെയാണ് കാന്തപുരം നിലപാട് ആവർത്തിച്ചത്. മതാഘോഷങ്ങളിൽ അതിർവരമ്പ് ലംഘിക്കരുതെന്നും പരിപാടികൾ ഇസ്‌ലാമിക മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കിയിരുന്നു.

നിരത്തുകളിലും വേദികളിലും അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുതെന്നും ഇസ്‌ലാമികമല്ലാത്ത ആചാരങ്ങൾ കൂട്ടിച്ചേർക്കരുതെന്നും മഹല്ലുകൾക്ക് നൽകിയ സർക്കുലറിൽ നിർദേശിച്ചിരുന്നു. ഇതിനെതിരെ കെ.കെ. ശൈലജ അടക്കമുള്ളവർ വലിയ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കാന്തപുരം തന്റെ നിലപാട് വീണ്ടും വ്യക്തമാക്കിയത്.

You may also like