Home Keralaകൊച്ചി മെട്രോയുടെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ബെഹ്റയുടെ വിടവാങ്ങൽ; ഇനി താൽക്കാലിക ചുമതല ജില്ലാ കളക്ടർക്ക്

കൊച്ചി മെട്രോയുടെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ബെഹ്റയുടെ വിടവാങ്ങൽ; ഇനി താൽക്കാലിക ചുമതല ജില്ലാ കളക്ടർക്ക്

by news_desk1
0 comments

കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ സ്ഥാനത്തുനിന്ന് ലോകനാഥ് ബെഹ്റ പടിയിറങ്ങി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷമായി ഉയർത്താനായതും രാജ്യത്തെ ആദ്യ വാട്ടർ മെട്രോ വിജയകരമായി നടപ്പാക്കിയതും ടിക്കറ്റ് എടുക്കൽ കൂടുതൽ ലളിതമാക്കിയതും ബെഹ്റ നേട്ടങ്ങളായി എടുത്തുപറഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം 53 കോടി രൂപയുടെ പ്രവർത്തന ലാഭം നേടാനായെന്നും കലൂർ മുതൽ ഇൻഫോപാർക്ക് വരെയുള്ള രണ്ടാംഘട്ടം ഒരു വർഷത്തിനകം പൂർത്തിയാകുമെന്നും വിടവാങ്ങൽ പ്രസംഗത്തിൽ ബെഹ്റ പറഞ്ഞു. കേരള മെട്രോ എന്ന് പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട വിവാദത്തിലും അദ്ദേഹം പ്രതികരിച്ചില്ല.

ഔദ്യോഗിക കാലാവധി ഓഗസ്റ്റ് 30ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ബെഹ്റ സ്ഥാനമൊഴിഞ്ഞത്. പുതിയ സ്ഥിരം എംഡിയെ സർക്കാർ നിയമിക്കുന്നതുവരെ എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്കയ്ക്ക് കൊച്ചി മെട്രോയുടെ താൽക്കാലിക ചുമതല നൽകും.

2021 ഓഗസ്റ്റിലാണ് ലോകനാഥ് ബെഹ്റ കൊച്ചി മെട്രോയുടെ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റത്. ഇടത് സർക്കാരിന്റെ കാലയളവിൽ രണ്ടുതവണ അദ്ദേഹത്തിന്റെ കാലാവധി നീട്ടി നൽകിയിരുന്നു. ബെഹ്റയുടെ നേതൃത്വത്തിലാണ് കൊച്ചി വാട്ടർ മെട്രോ യാഥാർഥ്യമാക്കിയതും രണ്ടാംഘട്ട മെട്രോ പാതയുടെ നിർമാണ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോയതും.

എന്നാൽ ഇത്തവണ ബെഹ്റയ്ക്ക് കാലാവധി നീട്ടിനൽകേണ്ടതില്ലെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു. പുതിയ മാനേജിങ് ഡയറക്ടറെ നിയമിക്കുന്നതിനുള്ള നടപടികൾ സർക്കാർ വേഗത്തിലാക്കിയിട്ടുണ്ട്. ഭരണനടപടികൾ തടസ്സപ്പെടാതിരിക്കാനാണ് താൽക്കാലിക ചുമതല ജില്ലാ കളക്ടർക്ക് കൈമാറുന്നത്.

You may also like