Home Keralaസ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; പ്രിയദർശിനി പദ്ധതി വിദഗ്ധ സമിതി നാളെ റിപ്പോർട്ട് നൽകും

സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; പ്രിയദർശിനി പദ്ധതി വിദഗ്ധ സമിതി നാളെ റിപ്പോർട്ട് നൽകും

by news_desk1
0 comments

തിരുവനന്തപുരം: പ്രിയദർശിനി പദ്ധതിയെ തുടർന്ന് സ്വകാര്യ ബസ് മേഖലയിലുണ്ടായ പ്രതിസന്ധി പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി നാളെ റിപ്പോർട്ട് സമർപ്പിക്കും. സ്വകാര്യ ബസ് മേഖലയ്ക്കുണ്ടായ നഷ്ടം നികത്തുന്നതിനുള്ള ശുപാർശകളും റിപ്പോർട്ടിലുണ്ടാകും. മുൻ ഡിജിപി കെ. പത്മകുമാർ അധ്യക്ഷനായ സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

പ്രിയദർശിനി പദ്ധതി നടപ്പാക്കിയതിന് ശേഷം സ്വകാര്യ ബസ് സർവീസ് മേഖലയ്ക്ക് കനത്ത നഷ്ടമുണ്ടായെന്ന് ബസ് ഉടമകൾ ആരോപിച്ചിരുന്നു. ഇതുവരെ 120 കോടി രൂപയുടെ നഷ്ടമാണ് മേഖലയ്ക്ക് ഉണ്ടായതെന്നാണ് ഉടമകളുടെ കണക്ക്. തിരുവനന്തപുരം, കൊല്ലം ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിലാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിടുന്നതെന്നും അവർ പറയുന്നു. നിരവധി ബസുകൾ സർവീസ് അവസാനിപ്പിക്കുകയോ സർവീസുകളുടെ എണ്ണം വെട്ടിക്കുറക്കുകയോ ചെയ്തതായും ബസ് ഉടമകൾ വ്യക്തമാക്കി.

വിദഗ്ധ സമിതി റിപ്പോർട്ട് അനുകൂലമാകുമെന്നും സർക്കാർ സഹായം ലഭിക്കുമെന്നും ബസ് ഉടമകൾ പ്രതീക്ഷിക്കുന്നു. സർക്കാർ സഹായം ലഭിച്ചില്ലെങ്കിൽ ബസ് സർവീസുകൾ സ്വാഭാവികമായി നിലയ്ക്കുമെന്നാണ് അവരുടെ നിലപാട്.

സ്വകാര്യ ബസ് മേഖലയ്ക്ക് സഹായം നൽകുമെന്ന വാഗ്ദാനം സർക്കാർ പാലിച്ചില്ലെന്നും ആറ് ആഴ്ചയ്ക്കകം മേഖലയിലെ പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് നൽകുമെന്ന ഉറപ്പും നടപ്പായില്ലെന്നും ഉടമകൾ ആരോപിക്കുന്നു. കൊല്ലം, പത്തനംതിട്ട, വയനാട് ജില്ലകളിലാണ് കൂടുതൽ പ്രതിസന്ധി നേരിടുന്നതെന്നും 500 ബസുകൾ പൂർണമായി സർവീസ് നിർത്തിയെന്നും അവർ പറയുന്നു. നിലവിൽ 11,000 ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നതെന്നും ബസ് ഉടമകൾ വ്യക്തമാക്കി.

അതേസമയം, പ്രിയദർശിനി പദ്ധതി മികച്ച നേട്ടമാണെന്നാണ് സർക്കാറിന്റെയും ഗതാഗത മന്ത്രി സിപി ജോണിന്റെയും വിലയിരുത്തൽ. പദ്ധതി നടപ്പാക്കിയതോടെ കെഎസ്ആർടിസിയിലെ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനയുണ്ടായെന്നാണ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്. ഒരു മാസം പിന്നിടുമ്പോൾ 3.81 കോടി സൗജന്യ യാത്രകൾ നടന്നതായും ബസുകളിലെ ആകെ യാത്രക്കാരിൽ 66 ശതമാനവും സ്ത്രീകളാണെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ അടിസ്ഥാനത്തിലുള്ള ആധികാരിക യാത്രാ വിവരങ്ങളാണ് വിശകലനത്തിനായി ഉപയോഗിച്ചതെന്നും മന്ത്രി വ്യക്തമാക്കി. ഓർഡിനറി സർവീസുകളിലെ പ്രതിദിന വനിതാ യാത്രക്കാരുടെ ശരാശരി എണ്ണം 6.48 ലക്ഷത്തിൽ നിന്ന് 12.12 ലക്ഷമായി ഉയർന്നു. ഇതോടെ വനിതാ യാത്രക്കാരുടെ എണ്ണത്തിൽ 87 ശതമാനം വർധനവുണ്ടായി.

ഓർഡിനറി സർവീസുകളിലെ ആകെ യാത്രക്കാരിൽ വനിതകളുടെ പങ്കാളിത്തം 50.9 ശതമാനത്തിൽ നിന്ന് 66.6 ശതമാനമായി ഉയർന്നു. ഓർഡിനറി, സൂപ്പർ ക്ലാസ് സർവീസുകൾ ചേർത്ത് പ്രതിദിന ആകെ യാത്രക്കാരുടെ ശരാശരി എണ്ണം 19.03 ലക്ഷത്തിൽ നിന്ന് 24.53 ലക്ഷമായി വർധിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. മൊത്തം യാത്രക്കാരുടെ എണ്ണത്തിൽ 28.9 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്.

ഇത് നിലവിലുള്ള യാത്രക്കാരുടെ കേവലമായ മാറ്റമല്ലെന്നും മറിച്ച് പൊതുഗതാഗതത്തിലേക്കുള്ള പുതിയ യാത്രാ ആവശ്യകത സൃഷ്ടിക്കപ്പെട്ടതിന്റെ സൂചനയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി

You may also like