Home Keralaകൊലയ്ക്ക് തൊട്ടുമുമ്പും സ്‌നേഹത്തോടെ സ്വീകരിച്ചു; ഓണവസ്ത്രം നൽകാമെന്ന് വിളിച്ചുവരുത്തി അഞ്ജനയെ കൊലപ്പെടുത്തി

കൊലയ്ക്ക് തൊട്ടുമുമ്പും സ്‌നേഹത്തോടെ സ്വീകരിച്ചു; ഓണവസ്ത്രം നൽകാമെന്ന് വിളിച്ചുവരുത്തി അഞ്ജനയെ കൊലപ്പെടുത്തി

by news_desk1
0 comments

കാലിഫോർണിയ: യുഎസിലെ കാലിഫോർണിയയിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ട കേസിലെ ദുരൂഹത തുടരുന്നു. കൊലപാതകത്തിന് തലേദിവസം വരെ മൂവരും ഒരുമിച്ച് സിനിമ കാണുകയും സന്തോഷത്തോടെ സമയം ചെലവഴിക്കുകയും ചെയ്തിരുന്നുവെന്നാണ് ബന്ധുക്കളുടെ മൊഴി. കൊലപ്പെടുത്താനാണ് എത്തിയതെന്ന് അറിയാതെയാണ് അനിലയെ ആൻ മേരി മാത്യു വീട്ടിലേക്ക് സ്‌നേഹത്തോടെ സ്വീകരിച്ചതെന്നും ബന്ധുക്കൾ വെളിപ്പെടുത്തുന്നു.

മാസങ്ങൾക്ക് മുമ്പ് വരെ യുവതികൾ ഒരേ അപ്പാർട്ട്‌മെന്റിൽ ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. എന്നാൽ ഏതാനും മാസങ്ങൾക്ക് മുമ്പ് ആൻ മേരി മാത്യു ഏകദേശം 10 കിലോമീറ്റർ അകലെയുള്ള സ്ഥലത്തേക്ക് താമസം മാറ്റി. അവിടേക്കാണ് അനില ആദ്യം എത്തിയത്. ആ സമയത്ത് ആൻ ഒരു ബന്ധുവുമായി ഫോണിൽ സംസാരിക്കുകയായിരുന്നുവെന്നും അനിലയെ വളരെ സന്തോഷത്തോടെ സ്വീകരിക്കുന്നതിന്റെ സംഭാഷണം ഫോണിന്റെ മറുതലക്കൽ നിന്ന് താൻ കേട്ടതായും ബന്ധു വെളിപ്പെടുത്തി.

അവർക്കിടയിൽ യാതൊരു പ്രശ്‌നങ്ങളുമില്ലായിരുന്നുവെന്ന് ആ സംഭാഷണത്തിൽ നിന്ന് വ്യക്തമായിരുന്നുവെന്നും ബന്ധു പറഞ്ഞു.

അതേസമയം, ഒരേ അപ്പാർട്ട്‌മെന്റിൽ താമസിച്ചിരുന്ന അഞ്ജനയെ അനില താഴേക്ക് വിളിച്ചിറക്കുകയായിരുന്നു. ഓണാഘോഷത്തിനായി ഇവർ തയ്ക്കാൻ നൽകിയ വസ്ത്രം ലഭിച്ചുവെന്ന് പറഞ്ഞാണ് അഞ്ജനയെ താഴേക്ക് വിളിച്ചതെന്നാണ് വിവരം. ഇരുവരും തമ്മിൽ അതുവരെ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലാത്തതിനാൽ യാതൊരു അസ്വാഭാവികതയും തോന്നാതെയാണ് അഞ്ജന താഴേക്ക് പോയതെന്ന് ഭർത്താവ് പറഞ്ഞു.

ഈ സമയത്ത് ജോലി സ്ഥലത്തായിരുന്ന തന്നോട് പറഞ്ഞ ശേഷമാണ് അഞ്ജന അനിലയുടെ അടുത്തേക്ക് പോയതെന്നും അദ്ദേഹം വെളിപ്പെടുത്തി. താഴെയെത്തിയപ്പോഴാണ് അഞ്ജനയെ കാർ ഇടിച്ച് കൊലപ്പെടുത്തിയതെന്നാണ് വിവരം.

അഞ്ജന കൊല്ലപ്പെട്ട വിവരം അറിയിക്കാനായി ആൻ മേരി മാത്യുവിനെ ഫോണിൽ വിളിച്ചെങ്കിലും ലഭിക്കാതെ വന്നതോടെയാണ് ആനിന്റെ ഭർത്താവ് ഫ്ലാറ്റിലേക്ക് എത്തിയത്. അവിടെ ആൻ കൊല്ലപ്പെട്ട നിലയിൽ കിടക്കുന്നതാണ് കണ്ടതെന്ന് അദ്ദേഹം മൊഴി നൽകി. ഫ്ലാറ്റിനുള്ളിൽ കുത്തേറ്റ് ചോരവാർന്ന് കിടക്കുകയായിരുന്നു ആൻ. ആനിന്റെ ഫോൺ കാണാതായിട്ടുണ്ടെന്നും ഇത് അനില കൊണ്ടുപോയതാകാമെന്നുമാണ് സംശയം.

കൊലപാതകത്തിന് പിന്നിലെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. എന്നാൽ ജോലി നഷ്ടപ്പെട്ടതിലും വർക്ക് പെർമിറ്റിന്റെ കാലാവധി കഴിഞ്ഞതിലും അനില അസ്വസ്ഥയായിരുന്നുവെന്ന സൂചനയാണ് ലഭിച്ചിരിക്കുന്നത്. അനിലയെ പൊലീസ് സാൻഹോസെ സൈക്ലിക് ജയിലിലേക്ക് മാറ്റിയതായും സൂചനയുണ്ട്.

കൊല്ലപ്പെട്ട യുവതികളിൽ ഒരാളുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി. രണ്ടാമത്തെ യുവതിയുടെ പോസ്റ്റ്‌മോർട്ടം വ്യാഴാഴ്ച നടത്തും. വെള്ളിയാഴ്ചയോടെ എംബസിയിലെ രേഖാ നടപടികൾ പൂർത്തിയാകുമെന്നാണ് വിവരം. ഈയാഴ്ച അവസാനത്തോടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.

കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് ഇക്കാര്യം കുടുംബത്തെ അറിയിച്ചത്.

You may also like