Home Keralaവിഴിഞ്ഞത്ത് നിന്ന് ചരിത്ര കയറ്റുമതി; ആദ്യ ചരക്ക് കപ്പൽ സ്പെയിനിലേക്ക് പുറപ്പെട്ടു

വിഴിഞ്ഞത്ത് നിന്ന് ചരിത്ര കയറ്റുമതി; ആദ്യ ചരക്ക് കപ്പൽ സ്പെയിനിലേക്ക് പുറപ്പെട്ടു

by news_desk1
0 comments

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി കപ്പൽ സ്പെയിനിലേക്ക് പുറപ്പെട്ടു. ‘എംഎസ്‌സി ബെറിൽ’ എന്ന കപ്പലാണ് എട്ട് കണ്ടെയ്നറുകളുമായി സ്പെയിനിലെ വലൻസിയ തുറമുഖത്തേക്ക് യാത്ര തിരിച്ചത്. ഇതോടെ വിഴിഞ്ഞം തുറമുഖത്തിന്റെ കയറ്റുമതി ചരിത്രത്തിൽ പുതിയ അധ്യായം കുറിക്കപ്പെട്ടു.

കഴിഞ്ഞ ഓഗസ്റ്റ് 18ന് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത രണ്ട് കണ്ടെയ്നറുകൾ ഉൾപ്പെടെയാണ് കപ്പലിൽ കയറ്റുമതി ചെയ്തത്. ഒരു കണ്ടെയ്നറിൽ ഭക്ഷ്യവസ്തുക്കളും മറ്റൊന്നിൽ ഇന്ത്യൻ ക്ലേയുടെ ഉൽപന്നങ്ങളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ബാക്കി ആറ് കണ്ടെയ്നറുകളിൽ കൊച്ചിയിൽനിന്ന് വിഴിഞ്ഞത്ത് എത്തിച്ച സീഫുഡ് ഉൾപ്പെടെയുള്ള ചരക്കുകളാണ് കയറ്റുമതി ചെയ്തത്.

വിഴിഞ്ഞത്തുനിന്ന് പുറപ്പെട്ട കപ്പൽ പോർച്ചുഗലിലെ പോർട്ട് ഓഫ് സയൻസ് തുറമുഖത്ത് മാത്രമായിരിക്കും അടുക്കുക. അവിടെനിന്ന് കപ്പൽ സ്പെയിനിലെ വലൻസിയ തുറമുഖത്ത് എത്തും.

വിഴിഞ്ഞത്തിന്റെ നേരിട്ടുള്ള അന്താരാഷ്ട്ര കയറ്റുമതി ബന്ധം ശക്തിപ്പെടുത്തുന്നതിലെ മറ്റൊരു നിർണായക ചുവടുവയ്പ്പായാണ് ഈ കയറ്റുമതിയെ അധികൃതർ വിലയിരുത്തുന്നത്. സാധാരണയായി കേരളത്തിൽനിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്ക് ചരക്കുകൾ എത്തിക്കാൻ 60 ദിവസത്തോളം വേണ്ടിവരുന്ന സ്ഥാനത്ത് വിഴിഞ്ഞം വഴി ഏകദേശം 20 ദിവസം കൊണ്ട് ലക്ഷ്യസ്ഥാനത്തെത്താൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. ഇതിലൂടെ വാണിജ്യ മേഖലയ്ക്ക് വലിയ സമയലാഭവും സാമ്പത്തിക ലാഭവും ലഭിക്കുമെന്നാണ് പ്രതീക്ഷ.

You may also like