തിരുവനന്തപുരം ശ്രീകണ്ഠേശ്വരം റോഡിൽ വിശപ്പുമായി എത്തിയവർ ഇന്നലെ കണ്ടത് ഒരു ബോർഡായിരുന്നു- ‘കഫേ നടത്താൻ കഴിയാത്ത സാഹചര്യത്തിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടുന്നു’. അത് ഒരു ഹോട്ടൽ അടച്ചുപൂട്ടിയതിന്റെ അറിയിപ്പ് മാത്രമായിരുന്നില്ല. കേരളത്തിന്റെ സാമൂഹിക മനഃസാക്ഷിക്കു മുന്നിൽ ഉയർന്ന ഒരു ചോദ്യമായിരുന്നു. കോവിഡ് മഹാമാരിയുടെ പ്രതിസന്ധിയിൽ സാധാരണക്കാരന്റെ വിശപ്പിന് മുന്നിൽ കേരളം ഉയർത്തിയ കരുതലിന്റെ കൈയായിരുന്നു ജനകീയ ഹോട്ടലുകൾ. കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ഈ സംരംഭം വെറും ഭക്ഷണശാലയായിരുന്നില്ല; വിശപ്പിനെതിരെ കേരളം നടത്തിയ സാമൂഹിക ഇടപെടലായിരുന്നു. ഇരുപത് രൂപയ്ക്ക് ഊണ് നൽകി അനേകം കുടുംബങ്ങളുടെ അടുക്കളയിൽ തീ കത്തിച്ച സ്ഥാപനങ്ങളായിരുന്നു അവ. ഇന്ന് അതേ അടുക്കളകളിലാണ് തീ അണയുന്നത്. അനന്തപുരി കഫേ അടച്ചത് ആവശ്യക്കാരില്ലാത്തതുകൊണ്ടല്ല. ഹോട്ടലുകൾ കൂടുതലായതുകൊണ്ടുമല്ല. സാമ്പത്തിക പ്രതിസന്ധിയും കടബാധ്യതയും താങ്ങാനാകാതെ വന്നതുകൊണ്ടാണ്. പത്തനംതിട്ടയിൽ മാത്രം 58 ജനകീയ ഹോട്ടലുകളിൽ 39 എണ്ണം പൂട്ടിയെന്ന കണക്ക് ഈ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. വിലക്കയറ്റം അടുക്കളയെ വിഴുങ്ങുമ്പോഴും ജനകീയ ഊണിന്റെ വില ഇരുപത് രൂപയിൽ തന്നെ മരവിപ്പിച്ചാൽ ആ കണക്ക് എങ്ങനെ നിലനിൽക്കും? പച്ചക്കറിക്കും അരിക്കും എണ്ണയ്ക്കും ഗ്യാസിനും വില കുതിക്കുമ്പോൾ പാചകക്കാരിയുടെ അധ്വാനത്തിനും വാടകയ്ക്കും വൈദ്യുതിക്കും വിലയില്ലേ?. വിശപ്പിന് വില കുറയ്ക്കണമെങ്കിൽ അതിന്റെ ഭാരം അടുക്കള നടത്തുന്ന സ്ത്രീകളുടെ ചുമലിൽ മാത്രം കെട്ടിവയ്ക്കാനാവില്ല. സ്വന്തം പോക്കറ്റിൽനിന്ന് പണം മുടക്കി എത്രകാലം ഒരു സംരംഭം മുന്നോട്ടുകൊണ്ടുപോകാനാകും? കടം വാങ്ങി ജനകീയ ഹോട്ടൽ നടത്തേണ്ടിവരുന്ന അവസ്ഥ വന്നാൽ അത് കുടുംബശ്രീയുടെ പരാജയമല്ല; നയപരമായ ഇടപെടലിന്റെ പരാജയമാണ്. കുടുംബശ്രീ കേരളത്തിന്റെ അഭിമാനമാണ്. സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തതയുടെ ലോകമാതൃകയാണ്. ആ പ്രസ്ഥാനത്തിലെ സ്ത്രീകൾക്ക് സ്വന്തം അധ്വാനത്തിന്റെ വില പോലും തിരിച്ചുകിട്ടാതെ കടബാധ്യതയിൽ മുങ്ങേണ്ടിവരുന്നുവെങ്കിൽ, നാം ആഘോഷിക്കുന്ന സ്ത്രീശാക്തീകരണത്തിന്റെ അർഥം തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. അതുകൊണ്ട് സർക്കാർ അടിയന്തരമായി ഇടപെടണം. സബ്സിഡി യാഥാർഥ്യബോധത്തോടെ വർധിപ്പിക്കണം. ഇരുപത് രൂപയുടെ ഊണ് തുടരാനാകില്ലെങ്കിൽ ജനകീയ ഹോട്ടലുകളുടെ നിലനിൽപ്പ് ഉറപ്പാക്കുന്ന തരത്തിൽ വില പരിഷ്കരിക്കണം. സബ്സിഡി കൃത്യസമയത്ത് ലഭിക്കുന്ന സംവിധാനവും വേണം. നഷ്ടത്തിൽ പോകുന്ന സ്ഥാപനങ്ങളെ കടമെടുത്ത് മുന്നോട്ടുകൊണ്ടുപോകുന്ന രീതി അവസാനിപ്പിക്കണം. ജനകീയ ഹോട്ടലുകളെ വെറും ബിസിനസ് സ്ഥാപനങ്ങളായി കാണരുത്. അവ സാമൂഹിക സുരക്ഷാ പദ്ധതികളാണ്. ഒരാളുടെ വിശപ്പ് മാറ്റുന്നതിന്റെ സാമ്പത്തിക മൂല്യം കണക്കുപുസ്തകത്തിൽ മാത്രം അളക്കാനാവില്ല. സെക്രട്ടേറിയറ്റിന്റെ മുന്നിൽ പ്രീമിയം നിരക്കിൽ ഭക്ഷണം ഒരുക്കുന്ന കേരളത്തിൽ, അതേ സർക്കാരിന്റെ സാമൂഹിക ഇടപെടലിന്റെ ഭാഗമായി ആരംഭിച്ച ജനകീയ ഹോട്ടൽ പൂട്ടേണ്ടിവരുന്നത് വലിയൊരു വൈരുദ്ധ്യമാണ്. പ്രീമിയം കഫേകൾക്ക് ലഭിക്കുന്ന പ്രോത്സാഹനത്തിനൊപ്പം സാധാരണക്കാരന്റെ ജനകീയ ഹോട്ടലുകൾക്കും പിന്തുണയും പ്രചാരണവും വിപണനസഹായവും ലഭിക്കണം. അനന്തപുരി കഫേയുടെ വാതിൽ അടഞ്ഞത് ഒരു ഷട്ടർ താഴ്ന്നതല്ല. കേരളത്തിന്റെ കരുതലിന്റെ ഒരു വാതിൽ അടഞ്ഞതാണ്. വിശക്കുന്നവന് മുന്നിൽ ഒരു പ്ലേറ്റ് ഊണ് വയ്ക്കുന്ന കൈകളെ കടബാധ്യതയിലേക്ക് തള്ളിവിട്ട് കേരളത്തിന് സ്ത്രീശാക്തീകരണത്തിന്റെ കണക്കുകൾ പറയാനാവില്ല. കുടുംബശ്രീയുടെ അടുക്കളയിൽ പുക ഉയരണമെങ്കിൽ സർക്കാർ ഇടപെടണം. ജനകീയ ഹോട്ടലുകളുടെ അടുപ്പിൽ തീ കത്തണമെങ്കിൽ നയങ്ങളിൽ മാറ്റം വേണം. വയറു നിറയ്ക്കുന്ന കൈകൾക്ക് കണ്ണുനിറയുന്ന കാലം വരരുത്.
വയറെരിയുന്നവരുടെ മുന്നിൽ കേരളത്തിന്റെ അടുക്കളകൾ അടഞ്ഞുകിടക്കരുത്.
സർക്കാർ കണ്ണുതുറക്കണം.
അടുക്കളയിലെ ഇരുട്ട് മാറ്റണം.
അനന്തപുരി കഫേയുടെ പൂട്ടിൽ നിന്ന് കേരളം ഒരു പാഠം പഠിക്കണം.
5
