Home Kerala‘രാജിവയ്ക്കില്ല, കാലാവധി പൂർത്തിയാക്കും’; ദേവസ്വം മന്ത്രിയുമായും ബോർഡുമായും അഭിപ്രായവ്യത്യാസമില്ലെന്ന് കെ. ജയകുമാർ

‘രാജിവയ്ക്കില്ല, കാലാവധി പൂർത്തിയാക്കും’; ദേവസ്വം മന്ത്രിയുമായും ബോർഡുമായും അഭിപ്രായവ്യത്യാസമില്ലെന്ന് കെ. ജയകുമാർ

by news_desk1
0 comments

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുമെന്ന വാർത്തകൾ തള്ളി കെ. ജയകുമാർ. ദേവസ്വം ബോർഡ് പ്രസിഡന്റായി കാലാവധി പൂർത്തിയാക്കുമെന്നും പ്രചരിക്കുന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ദേവസ്വം മന്ത്രിയുമായുള്ള വിഷയങ്ങൾ പറഞ്ഞുതീർക്കേണ്ട കാര്യങ്ങൾ മാത്രമാണെന്നും കെ. ജയകുമാർ പ്രതികരിച്ചു. ബോർഡിന്റെ പ്രവർത്തനങ്ങൾ വളരെ സങ്കീർണമാണെന്നും വ്യത്യസ്തമായ തീരുമാനങ്ങൾ എടുക്കുമ്പോൾ ചിലപ്പോൾ നിരാശകൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിക്കും ബോർഡിനും ഇടയിൽ അഭിപ്രായവ്യത്യാസമില്ലെന്നും ആശയങ്ങൾ കൈമാറിയതിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ സംസാരിച്ച് മനസിലാക്കുമെന്നും കെ. ജയകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. നിലവിൽ രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്നും കാലാവധി പൂർത്തിയാക്കിയ ശേഷമേ സ്ഥാനമൊഴിയുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളിൽ കടുത്ത അതൃപ്തിയും വിയോജിപ്പും പ്രകടിപ്പിച്ച് ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ നേരത്തെ രംഗത്തെത്തിയിരുന്നു. തിരുവോണദിവസം ഒരേ പന്തിയിൽ രണ്ട് സദ്യ വിളമ്പിയ സംഭവമടക്കം ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രി അതൃപ്തി പരസ്യമാക്കിയത്.

ബോർഡിന്റെ പ്രവർത്തനത്തിൽ തനിക്ക് സംതൃപ്തിയില്ലെന്നും എന്നാൽ ഗുരുവായൂർ, മലബാർ ദേവസ്വങ്ങൾ സർക്കാരുമായി സഹകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.

You may also like