Home Top Storiesപിഎം ശ്രീ പദ്ധതിയിൽ കേന്ദ്രവുമായി വീണ്ടും ചർച്ചയ്ക്ക് സംസ്ഥാന സർക്കാർ; ഉപാധികൾ അംഗീകരിച്ചാൽ മാത്രം മുന്നോട്ട്

പിഎം ശ്രീ പദ്ധതിയിൽ കേന്ദ്രവുമായി വീണ്ടും ചർച്ചയ്ക്ക് സംസ്ഥാന സർക്കാർ; ഉപാധികൾ അംഗീകരിച്ചാൽ മാത്രം മുന്നോട്ട്

by news_desk1
0 comments

ദില്ലി: പിഎം ശ്രീ പദ്ധതിയിൽ കേന്ദ്ര സർക്കാരുമായി വീണ്ടും ചർച്ച നടത്താൻ സംസ്ഥാന സർക്കാർ നീക്കം. മുഖ്യമന്ത്രി വി.ഡി. സതീശന്റെ ദില്ലി സന്ദർശനത്തിൽ ഇക്കാര്യം ചർച്ചയാകാനാണ് സാധ്യത. പാഠ്യപദ്ധതിയിൽ ഇടപെടരുതെന്നും സ്കൂളുകൾ തെരഞ്ഞെടുക്കാനുള്ള അവകാശം സംസ്ഥാനത്തിന് വേണമെന്നുമുള്ള ആവശ്യങ്ങൾ അംഗീകരിച്ചാൽ മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോകൂ എന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്.

ഈ നിബന്ധനകൾ മുന്നോട്ടുവച്ച് കേന്ദ്രവുമായി വീണ്ടും ചർച്ച നടത്താനാണ് സംസ്ഥാന സർക്കാരിന്റെ നീക്കം. അതേസമയം, ദില്ലിയിൽ ഇന്ന് രാഹുൽ ഗാന്ധിയുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിൽ വിഷയം ചർച്ചയായില്ല.

ഉപാധികളോടെയെങ്കിലും പിഎം ശ്രീ പദ്ധതി നടപ്പാക്കണമെന്നാണ് വി.ഡി. സതീശന്റെ നിലപാട്. കഴിഞ്ഞ ദിവസം കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലും അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരുന്നു. കേന്ദ്രത്തിൽനിന്ന് ഫണ്ട് ഉറപ്പാക്കണമെങ്കിൽ പിഎം ശ്രീ പദ്ധതി നടപ്പാക്കണമെന്ന നിലപാടാണ് മുഖ്യമന്ത്രി മുന്നോട്ടുവച്ചിട്ടുള്ളത്.

പിഎം ശ്രീ പദ്ധതിയിൽ ഒപ്പിടുന്നതിൽ വ്യക്തത തേടി കേന്ദ്ര സർക്കാർ നേരത്തെ സംസ്ഥാനത്തിന് കത്തയച്ചിരുന്നു. എന്നാൽ, ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ പിഎം ശ്രീയിൽ ഒപ്പിടുന്നതിനെ ശക്തമായി എതിർക്കുന്നുണ്ട്. പ്രതിപക്ഷത്തായിരുന്നപ്പോൾ ശക്തമായി എതിർത്ത പദ്ധതി ഭരണത്തിലെത്തിയപ്പോൾ നടപ്പാക്കുന്നത് ശരിയല്ലെന്നും പിഎം ശ്രീ വിദ്യാഭ്യാസ മേഖലയിലേക്ക് കടന്നുകയറാനുള്ള ആർഎസ്എസ് അജണ്ടയാണെന്നുമാണ് ഈ നേതാക്കളുടെ വാദം.

അതേസമയം, കോൺഗ്രസ് ഭരിക്കുന്ന കർണാടക, തെലങ്കാന, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പിഎം ശ്രീ പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്നത് ചൂണ്ടിക്കാട്ടിയാണ് പദ്ധതിയെ അനുകൂലിക്കുന്നവരുടെ നിലപാട്.

You may also like