Home Keralaപൊലീസ് കായിക മേളയ്ക്ക് പണപ്പിരിവ്; വിവാദമായതോടെ തുക തിരിച്ചുനൽകാൻ ഡിജിപിയുടെ ഉത്തരവ്

പൊലീസ് കായിക മേളയ്ക്ക് പണപ്പിരിവ്; വിവാദമായതോടെ തുക തിരിച്ചുനൽകാൻ ഡിജിപിയുടെ ഉത്തരവ്

by news_desk1
0 comments

തിരുവനന്തപുരം: തലസ്ഥാനത്ത് നാളെ ആരംഭിക്കുന്ന പൊലീസ് കായിക മേളയുടെ നടത്തിപ്പിനായി ക്രഷർ, ഹോട്ടൽ, ബേക്കറി ഉടമകളിൽനിന്ന് പണം പിരിച്ച സംഭവം വിവാദമായി. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പിരിച്ചെടുത്ത പണം തിരികെ നൽകാൻ ഡിജിപി ഉത്തരവിട്ടു. മേളയുടെ നടത്തിപ്പിനായി പൊലീസിന്റെ സ്പോർട്സ് ഫണ്ടിൽനിന്ന് അഞ്ച് ലക്ഷം രൂപ അനുവദിക്കാനും തീരുമാനിച്ചു.

വിവിധ സ്ഥാപനങ്ങളുടെ സ്പോൺസർഷിപ്പിലൂടെയും സിഎസ്ആർ ഫണ്ടിലൂടെയും മേളയ്ക്കുള്ള പണം കണ്ടെത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഇക്കാര്യം എസ്പിമാരെയും അറിയിച്ചിരുന്നു. എന്നാൽ ഇതിന് വിരുദ്ധമായി കൊല്ലത്തും തിരുവനന്തപുരത്തും ചില സബ് ഡിവിഷനുകളിൽനിന്ന് പണപ്പിരിവ് നടത്തി.

തിരുവനന്തപുരം റേഞ്ച് ഡിഐജി ഹിമേന്ദ്രനാഥിന്റെ നേതൃത്വത്തിലാണ് മേളയുടെ ഫിനാൻസ് കമ്മിറ്റി രൂപീകരിച്ചത്. കഴിഞ്ഞ ദിവസം ഡിജിപി പങ്കെടുത്ത യോഗത്തിൽ കണക്ക് അവതരിപ്പിച്ചപ്പോഴാണ് ക്രഷർ, ഹോട്ടൽ, ബേക്കറി ഉടമകളിൽനിന്ന് പണം പിരിച്ച വിവരം ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതിനെ തുടർന്ന് ഉദ്യോഗസ്ഥർ ഒന്നടങ്കം വിമർശനം ഉന്നയിച്ചു.

തുടർന്നാണ് ഇത്തരത്തിൽ പിരിച്ചെടുത്ത പണം തിരികെ നൽകാൻ ഡിജിപി നിർദേശിച്ചത്. പൊലീസിന്റെ സ്പോർട്സ് ഫണ്ടിൽനിന്ന് അഞ്ച് ലക്ഷം രൂപ എടുത്ത് കായിക മേള നടത്താനും തീരുമാനിച്ചു.

എല്ലാ മാസവും പൊലീസുകാരുടെ ശമ്പളത്തിൽനിന്ന് കായിക ആവശ്യങ്ങൾക്കായി പണം പിടിക്കുന്നുണ്ട്. പൊലീസ് സംഘടനകൾ നേതൃത്വം നൽകുന്ന സഹകരണ സ്ഥാപനങ്ങൾക്കും സിഎസ്ആർ ഫണ്ടുണ്ട്. ഇത്തരത്തിലുള്ള സംവിധാനങ്ങൾ നിലവിലിരിക്കെയാണ് ക്വാറി ഉടമകൾ ഉൾപ്പെടെയുള്ളവരിൽനിന്ന് പണം പിരിച്ചത്.

You may also like