Home Kerala‘മുൻകാല പ്രാബല്യത്തോടെയുള്ള കത്ത് ശരിയല്ല’; പാളയം പ്രദീപിനെ നിയമിച്ച നടപടിയിൽ രമ്യ ഹരിദാസിനെതിരെ കടുപ്പിച്ച് കെപിസിസി

‘മുൻകാല പ്രാബല്യത്തോടെയുള്ള കത്ത് ശരിയല്ല’; പാളയം പ്രദീപിനെ നിയമിച്ച നടപടിയിൽ രമ്യ ഹരിദാസിനെതിരെ കടുപ്പിച്ച് കെപിസിസി

by news_desk1
0 comments

തിരുവനന്തപുരം: ചിറയിൻകീഴ് കയ്യാങ്കളി വിവാദത്തിൽ പാർട്ടി നിർദേശം മറികടന്ന് രമ്യ ഹരിദാസ് എംഎൽഎ നടത്തിയ നീക്കത്തിൽ കടുത്ത അതൃപ്തി പരസ്യമാക്കി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പാളയം പ്രദീപിനെ നിയമിക്കാൻ മുൻകാല പ്രാബല്യത്തോടെ കത്ത് നൽകിയത് അഭികാമ്യമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കത്തിൽ രേഖപ്പെടുത്തിയ തീയതി ഉൾപ്പെടെ പരിശോധിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

മുൻകാല പ്രാബല്യത്തോടെ ഇപ്പോൾ കത്ത് നൽകിയിട്ടുണ്ടെങ്കിൽ അത് ശരിയല്ലെന്നതാണ് കെപിസിസിയുടെ നിലപാട്. കയ്യാങ്കളി വിവാദം അന്വേഷിക്കുന്ന കെപിസിസി സമിതി അധ്യക്ഷൻ എ.എം. ഹസ്സൻ ഉൾപ്പെടെയുള്ളവരുമായി വിഷയം ചർച്ച ചെയ്യുമെന്നും സണ്ണി ജോസഫ് അറിയിച്ചു. ചിറയിൻകീഴിലെ സംഭവങ്ങൾ പാർട്ടിക്ക് സൽപ്പേരല്ല ഉണ്ടാക്കിയതെന്നും അദ്ദേഹം ഓർമിപ്പിച്ചു. സംഘർഷത്തിന് ശേഷമാണ് പ്രദീപിനായി രമ്യ കത്ത് നൽകിയതെങ്കിൽ അത് ശരിയല്ലെന്നും കെപിസിസി പ്രസിഡന്റ് വ്യക്തമാക്കി.

പാർട്ടിക്ക് നാണക്കേടായ ചിറയിൻകീഴ് കയ്യാങ്കളിയിൽ രമ്യ ഹരിദാസിനെ പരമാവധി സംരക്ഷിച്ച് സമവായത്തിലെത്താനായിരുന്നു കെപിസിസിയുടെ ശ്രമം. വ്യാപക പരാതി ഉയർന്നിട്ടും എംഎൽഎക്കെതിരെ നടപടി വേണ്ടെന്ന് തീരുമാനിച്ച് പ്രശ്നം ഒതുക്കാനായിരുന്നു നീക്കം. എതിർചേരിയുടെ എതിർപ്പ് തണുപ്പിക്കുന്നതിന്റെ ഭാഗമായി പാളയം പ്രദീപിനെ സ്റ്റാഫാക്കരുതെന്ന് രമ്യയ്ക്ക് നിർദേശം നൽകാനും ധാരണയായിരുന്നു.

എന്നാൽ സംസ്ഥാന, പ്രാദേശിക നേതൃത്വങ്ങളുടെ നിർദേശം ഒരുപോലെ വെല്ലുവിളിച്ച് സമവായം പൊളിക്കുന്ന തരത്തിലായിരുന്നു രമ്യയുടെ തുടർനീക്കം. പാർട്ടി സസ്പെൻഡ് ചെയ്ത പാളയം പ്രദീപിനെ മുൻകാല പ്രാബല്യത്തോടെ അഡീഷണൽ സ്റ്റാഫാക്കണമെന്നാവശ്യപ്പെട്ട് എംഎൽഎ കത്ത് നൽകുകയായിരുന്നു.

മേയ് 21 മുതൽ പ്രദീപ് തനിക്കൊപ്പമുണ്ടെന്നും അന്നത്തെ തീയതി രേഖപ്പെടുത്തി പ്രദീപിനെയും കുഞ്ഞുമുഹമ്മദ് എന്നയാളെയും നിയമിക്കണമെന്നുമായിരുന്നു കത്തിലെ ആവശ്യം. സ്പീക്കറുടെ ഓഫീസിൽ ആദ്യം സമർപ്പിച്ച കത്ത് നിയമസഭാ സെക്രട്ടറിക്ക് നൽകാനാവശ്യപ്പെട്ട് മടക്കി. സെക്രട്ടറി അവധിയായതിനാൽ കത്ത് ഓഫീസിൽ ഏൽപ്പിച്ചു. വിവാദമായതോടെ കത്ത് തിരിച്ചെടുക്കാൻ എംഎൽഎയുടെ ഓഫീസിനോട് ആവശ്യപ്പെടുകയും ചെയ്തു.

പാളയം പ്രദീപ് നേരത്തേ മുതൽ തന്റെ സ്റ്റാഫാണെന്ന രമ്യ ഹരിദാസിന്റെയും പ്രദീപിന്റെയും വാദങ്ങൾക്കിടയിലും ഇതുസംബന്ധിച്ച അവകാശവാദങ്ങൾ പൊളിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം രമ്യയും ഇന്നലെ രാവിലെ പ്രദീപും താൻ സ്റ്റാഫാണെന്ന നിലപാട് ആവർത്തിച്ചിരുന്നു.

ഇതിനുപിന്നാലെ രമ്യയുടെ നീക്കത്തിനെതിരെ പ്രദീപിനൊപ്പം സസ്പെൻഷനിലായ സജാദ് രംഗത്തെത്തി. പ്രദീപിനെ മണ്ഡലത്തിൽ കാലുകുത്താൻ അനുവദിക്കില്ലെന്നും ആവശ്യമെങ്കിൽ എംഎൽഎക്കെതിരെയും രംഗത്തുവരേണ്ടിവരുമെന്നും സജാദ് വ്യക്തമാക്കി. പ്രദീപിനെ സ്റ്റാഫാക്കാനുള്ള കത്തിൽ നിന്ന് രമ്യ പിന്മാറിയില്ലെങ്കിൽ എംഎൽഎക്കെതിരെ നടപടി വേണമെന്ന ആവശ്യം ഉയർത്താനാണ് നീക്കം.

You may also like