ജക്കാർത്ത: 243 യാത്രക്കാരുമായി പോയ ഇന്തോനേഷ്യൻ കപ്പൽ ജാവ കടലിൽ കാണാതായി. ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് കിഴക്കൻ ജാവയിൽ നിന്ന് സൗത്ത് കലിമന്താൻ പ്രവിശ്യയിലേക്ക് പോയിരുന്ന ‘വിർഗോ ട്രാൻസ്പോർട്ട് 8’ എന്ന കപ്പലുമായുള്ള ബന്ധം നഷ്ടമായത്. കപ്പലിന് എന്ത് സംഭവിച്ചെന്ന് വ്യക്തമല്ല. മോശം കാലാവസ്ഥയെ തുടർന്നാണ് ബന്ധം നഷ്ടമായതെന്നാണ് പ്രാഥമിക നിഗമനം.
കപ്പലിലുണ്ടായിരുന്ന 115 പേരെ കണ്ടെത്തിയതായി ഇന്തോനേഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരാളുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ബാക്കിയുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്. ബഞ്ചാർമാസിനിലെ ബോട്ട് ജെട്ടിയിൽ നിന്ന് 148 കിലോമീറ്റർ അകലെയാണ് കപ്പലുമായുള്ള ബന്ധം നഷ്ടമായത്.
ശനിയാഴ്ച രാവിലെ 10.13ന് കപ്പൽ യാത്ര തിരിച്ചിരുന്നതായി കപ്പൽ കമ്പനിയായ പി.ടി. വിർഗോ അറിയിച്ചു. കപ്പൽ മോശം കാലാവസ്ഥയിൽപ്പെട്ടതായി ഓപ്പറേറ്റർമാർ അധികൃതരെ അറിയിച്ചിരുന്നെന്ന് റെസ്ക്യൂ ഓഫീസ് മേധാവി ഐ. പുടു സുദയാന പറഞ്ഞു. പ്രത്യേക രക്ഷാപ്രവർത്തക സംഘം സ്ഥലത്തെത്തി. മുഴുവൻ സംവിധാനങ്ങളും ഉപയോഗിച്ച് തെരച്ചിൽ തുടരുകയാണെന്നും കാലാവസ്ഥാ മാറ്റങ്ങൾ നിരീക്ഷിക്കുന്നതിനൊപ്പം വിവിധ സമുദ്രസുരക്ഷാ ഏജൻസികളുമായി സഹകരിച്ചാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതെന്നും അധികൃതർ അറിയിച്ചു.
