Home Top Stories‘ആന്റോ അഗസ്റ്റിൻ ഒന്നാം പ്രതി, തട്ടിപ്പിൽ ചാനൽ കമ്പനി രണ്ടാം പ്രതി’; തെളിവുകളോടെ നീങ്ങി എസ്.ഐ.ടി, പ്രതികരണവുമായി എ.ഡി.ജി.പി പി. വിജയൻ

‘ആന്റോ അഗസ്റ്റിൻ ഒന്നാം പ്രതി, തട്ടിപ്പിൽ ചാനൽ കമ്പനി രണ്ടാം പ്രതി’; തെളിവുകളോടെ നീങ്ങി എസ്.ഐ.ടി, പ്രതികരണവുമായി എ.ഡി.ജി.പി പി. വിജയൻ

by news_desk
0 comments

കൊച്ചി: ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ സാമ്പത്തിക തട്ടിപ്പ് കേസിൽ കേസ് രജിസ്റ്റർ ചെയ്ത് അതിവേഗ അന്വേഷണവുമായി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി). കേസിൽ ആന്റോ അഗസ്റ്റിൻ ഒന്നാം പ്രതിയും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി രണ്ടാം പ്രതിയുമാണെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന എ.ഡി.ജി.പി പി. വിജയൻ സ്ഥിരീകരിച്ചു. സർക്കാരിൽ നിന്ന് ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും പ്രാഥമികമായി കുറ്റകൃത്യം നടന്നതായി വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മജിസ്‌ട്രേറ്റിൽ നിന്ന് സെർച്ച് വാറണ്ട് വാങ്ങിയാണ് എസ്.ഐ.ടിയുടെ 5 സംഘങ്ങൾ ഒരേസമയം പരിശോധനയ്ക്ക് ഇറങ്ങിയത്. ചാനൽ കമ്പനി ഓഫീസ്, അഗസ്റ്റിൻ സഹോദരങ്ങളുടെ വീട്, ബന്ധുവിന്റെ വസതി എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്. പ്രാഥമിക അന്വേഷണങ്ങൾക്കും രേഖകൾ പരിശോധിച്ചതിനും ശേഷം മാത്രമേ കൂടുതൽ പ്രതികളെ ഉൾപ്പെടുത്തുന്ന കാര്യം തീരുമാനിക്കൂ എന്നും എ.ഡി.ജി.പി വ്യക്തമാക്കി.

അതേസമയം, ന്യൂസ് റൂമിന്റെ പ്രവർത്തനങ്ങളെ അന്വേഷണ സംഘം തടസ്സപ്പെടുത്തിയിട്ടില്ലെന്ന് എ.ഡി.ജി.പി പറഞ്ഞു. മാധ്യമപ്രവർത്തകരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തിട്ടില്ല, ഫോണുകൾ മാറ്റി വെപ്പിക്കുക മാത്രമാണ് ചെയ്തത്. സുതാര്യത ഉറപ്പാക്കാൻ പോലീസും ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ട്. ഡിജിറ്റൽ രേഖകളുടെ പകർപ്പുകൾ ശേഖരിക്കേണ്ടതിനാലാണ് പരിശോധന ദീർഘിക്കുന്നത്.

തട്ടിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക രേഖകളും കരാറുകളും കണ്ടെത്തുകയാണ് റെയ്ഡിന്റെ പ്രധാന ലക്ഷ്യം. തട്ടിപ്പിനായി ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് മുൻ സർക്കാർ എന്തെങ്കിലും തരത്തിൽ വഴിവിട്ട സഹായങ്ങൾ നൽകിയിട്ടുണ്ടോ എന്നും സംഘം പരിശോധിക്കുന്നുണ്ട്. തങ്ങളുടെ കൈവശം എല്ലാ രേഖകളുമുണ്ടെന്നും കരാറുകൾ സുതാര്യമാണെന്നുമായിരുന്നു പ്രൊമോട്ടർമാരുടെ വാദം. എന്നാൽ ഈ വാദങ്ങൾ ശരിവെക്കുന്ന തെളിവുകൾ അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരാക്കാൻ കമ്പനിക്ക് സാധിക്കുമോ എന്നതാണ് കേസിൽ നിർണായകമാകുന്നത്.

You may also like