Home Editorialറെയ്ഡ് നിയമവാഴ്ചയോ മാധ്യമവേട്ടയോ?

റെയ്ഡ് നിയമവാഴ്ചയോ മാധ്യമവേട്ടയോ?

by news_desk
0 comments

റിപ്പോർട്ടർ ടി.വി.യിലെ പൊലീസ് നടപടി ഉയർത്തുന്ന വലിയ ചോദ്യം
യമത്തിന്റെ കരുത്ത് മാധ്യമസ്വാതന്ത്ര്യത്തെ ഭയപ്പെടുത്താനുള്ള ആയുധമാകരുത്

റിപ്പോർട്ടർ ടി.വി. ആസ്ഥാനത്ത് പൊലീസ് നടത്തിയ പരിശോധന കേരളത്തിലെ ജനാധിപത്യ സമൂഹം ഗൗരവത്തോടെ ചർച്ച ചെയ്യേണ്ട വിഷയമായി മാറിയിരിക്കുകയാണ്. മെസ്സിയെ കേരളത്തിലെത്തിക്കാനുള്ള ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളും 25.78 കോടി രൂപയുടെ നികുതി വെട്ടിപ്പും സംബന്ധിച്ച ആരോപണങ്ങളിൽ അന്വേഷണം നടക്കേണ്ടതില്ലെന്നല്ല. അന്വേഷണം നടക്കണം; തെറ്റുണ്ടെങ്കിൽ നിയമം അതിന്റെ വഴിക്ക് പോകണം. എന്നാൽ നിയമവാഴ്ചയുടെ പേരിലുള്ള ഓരോ നടപടിയും സ്വാഭാവികമായി ന്യായീകരിക്കപ്പെടുന്നില്ല. അന്വേഷണത്തിന്റെ ലക്ഷ്യത്തോടൊപ്പം അതിന്റെ രീതിയും ജനാധിപത്യത്തിൽ പ്രധാനമാണ്. കളമശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിൽ കോടതി നൽകിയ വാറന്റിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്നാണ് അന്വേഷണസംഘത്തിന്റെ വിശദീകരണം. എസ്.ഐ.ടി റിപ്പോർട്ടിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കെതിരെ 25.78 കോടി രൂപയുടെ നികുതി വെട്ടിപ്പ് ആരോപണവും മറ്റ് സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണ ശുപാർശകളും ഉണ്ട്. അതുകൊണ്ട് അന്വേഷണത്തിന്റെ നിയമസാധുതയെ ചോദ്യം ചെയ്യുന്നതിനേക്കാൾ അതിന്റെ നടത്തിപ്പാണ് ഇവിടെ പരിശോധിക്കപ്പെടേണ്ടത്. ഒരു മാധ്യമസ്ഥാപനം നിയമത്തിന് അതീതമല്ല. അതുപോലെ തന്നെ ഒരു മാധ്യമസ്ഥാപനത്തിന്റെ ഉടമയ്‌ക്കെതിരായ സാമ്പത്തിക ആരോപണം ആ സ്ഥാപനത്തിലെ ഓരോ മാധ്യമപ്രവർത്തകനെയും സംശയത്തിന്റെ നിഴലിൽ നിർത്താനുള്ള ലൈസൻസുമല്ല. ഉടമയുടെ ഓഫീസ് പരിശോധിക്കുന്നതും തത്സമയം വാർത്താ സംപ്രേഷണം നടത്തുന്ന ന്യൂസ് ഡെസ്കിലേക്ക് അന്വേഷണസംഘം കടന്നുവരുന്നതും ഒരേ കാര്യമല്ല. റിപ്പോർട്ടർ ടി.വി.യുടെ ഭാഗത്ത് നിന്ന് ജീവനക്കാരുടെ മൊബൈൽ ഫോണുകൾ കൈവശപ്പെടുത്തിയെന്നും ന്യൂസ് ഡെസ്കിന്റെ പ്രവർത്തനത്തെ ബാധിച്ചെന്നും ആരോപണമുയർന്നിട്ടുണ്ട്. പൊലീസ് ഈ ആരോപണങ്ങളെ നിഷേധിക്കുകയും കോടതി ഉത്തരവിന്റെ പരിധിയിലാണ് പരിശോധന നടത്തിയതെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഈ രണ്ട് വാദങ്ങൾക്കിടയിലെ യാഥാർഥ്യം അന്വേഷണത്തിലൂടെയും നടപടികളുടെ രേഖകളിലൂടെയും വ്യക്തമാകണം. പക്ഷേ ഇവിടെ ഉയരുന്ന അടിസ്ഥാന ചോദ്യം മറ്റൊന്നാണ്: കോടതി വാറന്റ് ഒരു മാധ്യമസ്ഥാപനത്തിലെ ന്യൂസ് ഡെസ്കിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്താനുള്ള അനിയന്ത്രിത അധികാരം നൽകുന്നുണ്ടോ? വാറന്റിന്റെ പരിധി എന്തായിരുന്നു? ഏതൊക്കെ രേഖകളാണ് പരിശോധിക്കേണ്ടിയിരുന്നത്? ജീവനക്കാരുടെ വ്യക്തിഗത ഫോണുകൾ എന്തിനാണ് ആവശ്യമായത്? തത്സമയ വാർത്താ പ്രവർത്തനത്തെ ബാധിക്കാതിരിക്കാൻ എന്ത് മുൻകരുതലാണ് സ്വീകരിച്ചത്?. ഇവയ്ക്ക് സർക്കാർ വ്യക്തമായ മറുപടി നൽകണം. മാധ്യമപ്രവർത്തകർ നിയമത്തിന് മുകളിലല്ല. എന്നാൽ മാധ്യമപ്രവർത്തകരുടെ തൊഴിൽ ഉപകരണങ്ങളും വാർത്താ ഉറവിടങ്ങളുമായുള്ള ആശയവിനിമയവും സാധാരണ പരിശോധനാ വസ്തുക്കളായി കാണാനും പാടില്ല. ഒരു ന്യൂസ് ഡെസ്കിൽ പൊലീസ് പ്രവേശിക്കുമ്പോൾ അതീവ ജാഗ്രത ആവശ്യമാണ്. അവിടെ ജോലി ചെയ്യുന്ന ഓരോ മാധ്യമപ്രവർത്തകനും ഒരു പ്രതിയല്ല; വാർത്ത ശേഖരിക്കുകയും സംപ്രേഷണം ചെയ്യുകയും ചെയ്യുന്ന പൗരന്മാരാണ്. ഇത് റിപ്പോർട്ടർ ടി.വിയുടെ മാത്രം പ്രശ്നമല്ല. ഇന്ന് ഒരു മാധ്യമസ്ഥാപനത്തിന്റെ ന്യൂസ് ഡെസ്കിലാണ് പൊലീസ് എത്തിയത്. നാളെ മറ്റൊരു സ്ഥാപനത്തിന്റെ വാതിലിലും ഇതേ ചോദ്യം ഉയരാം. ഭരണകൂടത്തിനെതിരെ വാർത്ത നൽകുന്ന മാധ്യമങ്ങളെ നിയമത്തിന്റെ പേരിൽ ഭയപ്പെടുത്തുന്ന സാഹചര്യം ജനാധിപത്യത്തിന് ഗുണകരമല്ല. അതേസമയം മാധ്യമസ്ഥാപനത്തിന്റെ ഉടമസ്ഥതയുടെ മറവിൽ സാമ്പത്തിക ക്രമക്കേടുകൾ സംരക്ഷിക്കപ്പെടുന്നതും അംഗീകരിക്കാനാവില്ല. അതിനാൽ രണ്ട് കാര്യങ്ങളും ഒരേ സമയം ഉറപ്പാക്കണം. ഒന്ന് – സാമ്പത്തിക തട്ടിപ്പോ നികുതി വെട്ടിപ്പോ ഉണ്ടായിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കുകയും തെളിയിക്കപ്പെടുന്ന കുറ്റത്തിന് നിയമനടപടി സ്വീകരിക്കുകയും വേണം. രണ്ട് – ആ അന്വേഷണത്തിന്റെ പേരിൽ മാധ്യമസ്വാതന്ത്ര്യത്തിനും ന്യൂസ്‌റൂമിന്റെ സ്വതന്ത്ര പ്രവർത്തനത്തിനും ഒരു തരത്തിലുള്ള ഭീഷണിയും ഉണ്ടാകരുത്.
ജനാധിപത്യത്തിൽ പൊലീസ് ശക്തിയുടെ പ്രതീകമാണ്. മാധ്യമം ജനങ്ങളുടെ കണ്ണും കാതുമാണ്. ഈ രണ്ടും ഏറ്റുമുട്ടേണ്ടവയല്ല; നിയമത്തിന്റെ പരിധിക്കുള്ളിൽ പരസ്പരം ബഹുമാനിക്കേണ്ട സ്ഥാപനങ്ങളാണ്. ഇന്നലെ പ്രതിപക്ഷത്തിരിക്കുമ്പോൾ മാധ്യമവേട്ടയെ വിമർശിച്ചവർ അധികാരത്തിലെത്തിയ ശേഷം അതേ നടപടികൾ ആവർത്തിക്കുന്നുവെന്ന വിമർശനം ഉയരാതിരിക്കാനുള്ള ഉത്തരവാദിത്തം ഭരണകൂടത്തിനുണ്ട്. മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് പ്രസംഗിക്കുന്നതിനെക്കാൾ പ്രധാനമാണ് അത് പരീക്ഷിക്കപ്പെടുന്ന നിമിഷങ്ങളിൽ ഭരണകൂടം എങ്ങനെ പെരുമാറുന്നു എന്നത്. മെസ്സി കേരളത്തിലെത്തിയോ ഇല്ലയോ എന്നത് ഈ വിവാദത്തിന്റെ പ്രധാന ചോദ്യമല്ല. കേരളത്തിൽ ഒരു മാധ്യമസ്ഥാപനത്തിൽ പൊലീസ് കയറുമ്പോൾ നിയമവും സ്വാതന്ത്ര്യവും ഒരുമിച്ച് സംരക്ഷിക്കപ്പെടുന്നുണ്ടോ എന്നതാണ് യഥാർഥ ചോദ്യം.
തെറ്റുണ്ടെങ്കിൽ അന്വേഷിക്കണം. കുറ്റമുണ്ടെങ്കിൽ ശിക്ഷിക്കണം. പക്ഷേ അന്വേഷണത്തിന്റെ പേരിൽ ന്യൂസ്‌റൂമിനെ ഭയപ്പെടുത്താനുള്ള നീക്കം അംഗികരിക്കാനാവില്ല. കാരണം മാധ്യമസ്വാതന്ത്ര്യം ഒരു മാധ്യമസ്ഥാപനത്തിന്റെ മാത്രം അവകാശമല്ല. ജനങ്ങൾക്ക് സത്യം അറിയാനുള്ള അവകാശത്തിന്റെ കാവലാണ് അത്. അതിനാൽ സർക്കാർ റെയ്ഡിന്റെ ഓരോ ഘട്ടവും കൂടുതൽ സുതാര്യമായി വിശദീകരിക്കണം. കോടതി വാറന്റിന്റെ പരിധിയും അന്വേഷണത്തിൽ സ്വീകരിച്ച നടപടികളും സംബന്ധിച്ച സംശയങ്ങൾക്ക് വ്യക്തത നൽകണം. നിയമവാഴ്ചയും മാധ്യമസ്വാതന്ത്ര്യവും തമ്മിൽ തിരഞ്ഞെടുക്കേണ്ട സാഹചര്യം ഉണ്ടാകരുത്. നിയമത്തിന്റെ കരുത്ത് ആവശ്യമാണ്.
അധികാരത്തിന്റെ കരുത്തല്ല. ജനാധിപത്യത്തിൽ പൊലീസ് വാതിൽ തുറന്ന് അകത്തേക്ക് വരുമ്പോൾ മാധ്യമത്തിന്റെ ശബ്ദം പുറത്തേക്ക് പോകാതിരിക്കരുത്.

You may also like