പത്തനംതിട്ട: അടൂർ പന്നിവിഴയിൽ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ വാനിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. കുട്ടിയെ ബോധംകെടുത്തി വിജനമായ സ്ഥലത്ത് ഉപേക്ഷിച്ചുവെന്ന മൊഴിയെ തുടർന്ന് അടൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ഓഗസ്റ്റ് 30ന് വൈകിട്ടായിരുന്നു സംഭവം. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന തന്നെ ഒമ്നി വാനിലെത്തിയ ആറിലധികം പേരടങ്ങുന്ന സംഘം ബലപ്രയോഗത്തിലൂടെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് കുട്ടിയുടെ മൊഴി.
തുടർന്ന് ബോധംകെടുത്തിയ ശേഷം സംഭവസ്ഥലത്തുനിന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള വിജനമായ സ്ഥലത്ത് ഉപേക്ഷിച്ചുവെന്നാണ് കുട്ടി പൊലീസിനോട് പറഞ്ഞത്. പിന്നീട് റോഡരികിൽ പരിഭ്രാന്തനായി കാണപ്പെട്ട കുട്ടിയെ പ്രദേശവാസിയാണ് കണ്ടെത്തിയത്. കാര്യമന്വേഷിച്ചപ്പോഴാണ് തട്ടിക്കൊണ്ടുപോകൽ സംബന്ധിച്ച വിവരം പുറത്തറിയുന്നത്.
തുടർന്ന് പ്രദേശവാസി കുട്ടിയുടെ വീട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന വാഹനം കണ്ടതായി നാട്ടുകാരിൽ ചിലരും വ്യക്തമാക്കിയിട്ടുണ്ട്.
വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അടൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.
അതേസമയം, പ്രദേശത്ത് സാമൂഹികവിരുദ്ധരുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ ആരോപിച്ചു. പ്രദേശത്തിന്റെ സുരക്ഷ മുൻനിർത്തി കൂടുതൽ സിസിടിവി ക്യാമറകളും സ്ട്രീറ്റ് ലൈറ്റുകളും അടിയന്തരമായി സ്ഥാപിക്കണമെന്ന് നഗരസഭയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വാർഡ് കൗൺസിലർ വ്യക്തമാക്കി
