Home Top Storiesഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം; നേഹ ബോറ കസ്റ്റഡിയിൽ

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം; നേഹ ബോറ കസ്റ്റഡിയിൽ

by news_desk1
0 comments

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ AISA–AISF പ്രതിഷേധം. AISA നേതാവ് നേഹ ബോറയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. വൻ പൊലീസ് സന്നാഹത്തിനൊപ്പം കേന്ദ്രസേനയെയും പ്രദേശത്ത് വിന്യസിച്ചിരുന്നു. പ്രവർത്തകർ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾക്ക് മുകളിൽ കയറി പ്രതിഷേധിച്ചതോടെ പൊലീസ് ഇവരെ റോഡിലൂടെ വലിച്ചിഴച്ച് നീക്കി. ഇതിനിടെ നേഹ ബോറയെ കസ്റ്റഡിയിലെടുത്തു. ഇതോടെ നേഹയെ കയറ്റിയ വാഹനത്തിന് മുന്നിൽ പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

നേരത്തേ AISAയുടെ നേതൃത്വത്തിൽ ഇന്ത്യാ ഗേറ്റിൽ നിന്ന് ജന്തർ മന്തറിലേക്ക് സിറ്റിസൺ മാർച്ച് നടത്തിയിരുന്നു. പൊലീസ് മാർച്ച് തടഞ്ഞതോടെ സംഘർഷമുണ്ടായി. AISA പ്രവർത്തകരടക്കമുള്ളവരെ പൊലീസ് വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്തത്. സംഘർഷത്തിനിടെ ഒരു മാധ്യമപ്രവർത്തകന്റെ ക്യാമറ തകർത്ത സംഭവവുമുണ്ടായി.

ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന മുദ്രാവാക്യവുമായി ചില പ്രവർത്തകർ പൊലീസ് വാഹനത്തിന് മുകളിൽ കയറിയതോടെ പൊലീസ് നടപടി ശക്തമാക്കി. തുടർന്ന് പ്രവർത്തകർ റോഡിലിരുന്ന് കുത്തിയിരുന്ന് പ്രതിഷേധിച്ചു. രാജ്യത്തെ ജനാധിപത്യം അപകടത്തിലാണെന്നും അത് സംരക്ഷിക്കാൻ എത്ര തവണ വേണമെങ്കിലും അറസ്റ്റ് വരിക്കുമെന്നും ചിലർ പ്രതികരിച്ചു.

You may also like