തിരുവനന്തപുരം: ജനാധിപത്യ സംരക്ഷണത്തിനായി പ്രക്ഷോഭം നയിച്ച ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എംപിയെയും കയ്യേറ്റം ചെയ്ത് അറസ്റ്റ് ചെയ്ത നടപടി ജനാധിപത്യവിരുദ്ധമാണെന്ന് വി.ഡി. സതീശൻ. കേന്ദ്രസർക്കാർ നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നതായി അദ്ദേഹം വാർത്താക്കുറിപ്പിൽ അറിയിച്ചു.
പാർലമെന്റ് അംഗങ്ങളെയും ഇന്ത്യ സഖ്യ നേതാക്കളെയും പൊലീസ് വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്തത്. പൊലീസ് നടപടി ജനാധിപത്യവിരുദ്ധവും പൗരാവകാശങ്ങളുടെ ലംഘനവുമാണെന്ന് സതീശൻ പറഞ്ഞു. അറസ്റ്റ് ചെയ്തതോടെ എല്ലാം അവസാനിച്ചെന്ന് ബി.ജെ.പി കരുതരുതെന്നും ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിക്കുന്ന കേന്ദ്രസർക്കാരിന്റെ സമീപനങ്ങൾക്കെതിരെ കോൺഗ്രസ് രാജ്യവ്യാപകമായി പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ജനാധിപത്യത്തിന്റെ കാവൽക്കാരാകേണ്ട തെരഞ്ഞെടുപ്പ് കമ്മിഷനെ സംഘപരിവാറിന്റെ രാഷ്ട്രീയ ഉപകരണമാക്കി മാറ്റിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ സംരക്ഷിക്കാനാണ് ബി.ജെ.പി സർക്കാർ ശ്രമിക്കുന്നതെന്നും സതീശൻ ആരോപിച്ചു. ഇന്ത്യൻ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ കോൺഗ്രസ് ഏതറ്റംവരെയും പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പൊലീസിനെ ഉപയോഗിച്ച് പ്രക്ഷോഭം അടിച്ചമർത്താമെന്ന് ബി.ജെ.പിയോ അവരുടെ സർക്കാരോ കരുതരുതെന്നും കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നുപോകില്ലെന്നും സതീശൻ പറഞ്ഞു. രാജ്യത്തിനുവേണ്ടിയുള്ള ഈ പോരാട്ടം കോൺഗ്രസ് നയിക്കുമെന്നും ‘ഇന്ത്യ’ ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
