ന്യൂഡൽഹി: ഉത്തരേന്ത്യയിലെ വിവിധയിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. ഉത്തരാഖണ്ഡിൽ രാത്രി 10.20ഓടെ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇതിന്റെ പ്രകമ്പനം ഡൽഹിയുടെ വിവിധ ഭാഗങ്ങളിലും അനുഭവപ്പെട്ടു.
ഡൽഹി-എൻസിആർ, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഉത്തരാഖണ്ഡിലെ ചമോലിയാണ് പ്രഭവകേന്ദ്രം. 13 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം രേഖപ്പെടുത്തിയതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.
ഉത്തരാഖണ്ഡിലെ ഭൂചലനത്തിന് പിന്നാലെ ഡൽഹി, എൻസിആർ, നോയിഡ, ഗുരുഗ്രാം എന്നിവിടങ്ങളിലും ഉത്തരേന്ത്യയുടെ മറ്റു ഭാഗങ്ങളിലും നേരിയ പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്. ആളുകൾ ചെറിയ കുലുക്കം അനുഭവപ്പെട്ടതായി അറിയിച്ചു. തീവ്രത കുറഞ്ഞ ഭൂചലനമാണ് ഇവിടങ്ങളിൽ അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
