Home Sportsഒരു യുഗം ബൂട്ടഴിച്ചു; ഗോളും അസിസ്റ്റുമായി മടക്കം, ബെനിനെതിരെ ജയം — വീ മിസ് യൂ മെസ്സി

ഒരു യുഗം ബൂട്ടഴിച്ചു; ഗോളും അസിസ്റ്റുമായി മടക്കം, ബെനിനെതിരെ ജയം — വീ മിസ് യൂ മെസ്സി

by news_desk1
0 comments

ബ്യൂണസ് ഐറിസ്: അർജന്റീനയുടെ നീലക്കുപ്പായത്തിൽ ലിയോണൽ മെസ്സിക്ക് ഇനി മത്സരങ്ങളില്ല. നേടാനുള്ളതെല്ലാം നേടിയ ഫുട്ബോൾ ഇതിഹാസം ദേശീയ ടീമിൽനിന്ന് പടിയിറങ്ങി. ബെനിനെതിരായ വിടവാങ്ങൽ മത്സരത്തിലും മാന്ത്രിക ചുവടുകൾക്കൊപ്പം ഗോളും ഗോൾ അസിസ്റ്റുമായി മെസ്സി തിളങ്ങി. മത്സരം എതിരില്ലാത്ത മൂന്ന് ഗോളിന് അർജന്റീന സ്വന്തമാക്കി.

ലോകമെമ്പാടുമുള്ള മെസ്സി ആരാധകർക്ക് ഇത് ഏറെ വൈകാരികമായ നിമിഷമായി. കാൽപ്പന്ത് ലോകത്ത് ലഭിക്കാവുന്ന ഏറ്റവും വീര്യമേറിയ ആയുധം തങ്ങളുടെ ആക്രമണത്തിന്റെ തുഞ്ചത്തുണ്ടെന്ന അലങ്കാരവും അഹങ്കാരവും ഇനി അർജന്റീനയ്ക്കില്ല. പക്ഷേ തന്നെ വിശ്വസിച്ച ജനതയ്ക്കായി സർവതും വെട്ടിപ്പിടിച്ച് അവരെ ഉന്മാദിപ്പിച്ചാണ് ലിയോ മടങ്ങുന്നത്.

വെള്ളവരയ്ക്കുള്ളിൽ സൂചി കയറാനുള്ള ഇടംപോലുമില്ലാത്തിടത്ത് അവൻ തീർത്ത മായാജാലം. കാലിൽ ഒരു കാണാനൂലിൽ കോർത്തതുപോലെ പന്തിനെ ചോർന്നുപോകാതെ ഒട്ടിച്ചുവെച്ച് നടത്തിയ മിന്നലാട്ടങ്ങൾ. തഴുകിയും തലോടിയും ഗോൾവലയോട് കിന്നാരം പറയാൻ അവൻ പറഞ്ഞയച്ച പന്തുകൾ. നീണ്ട കാത്തിരിപ്പിനൊടുവിൽ സ്വപ്നങ്ങൾക്ക് റൂഹ് നൽകിയ ലുസൈലിലെ ആ സ്വർഗരാവ്.

അന്തിമപോരാട്ടത്തിന് ശേഷം ഒരു യുഗം ബൂട്ടഴിച്ചിറങ്ങുമ്പോൾ എത്രയോ ഓർമകളാണ് ഉള്ളിലൂടെ ഒഴുകുന്നത്.

ഇരുപത്തിയൊന്ന് വർഷം മുൻപ്, ഒരു ഓഗസ്റ്റ് 17ന്റെ പ്രഭാതത്തിൽ ബുഡാപെസ്റ്റിലെ പുസ്‌കാസ് സ്റ്റേഡിയത്തിലെ പകരക്കാരനെ സൂചിപ്പിക്കുന്ന ബോർഡിൽ പച്ചനിറത്തിൽ പതിനെട്ടാം നമ്പർ തെളിഞ്ഞ നിമിഷം മുതൽ തുടങ്ങിയ ഓട്ടമാണിത്. നോവിന്റെ കയ്പുനീരും ആനന്ദത്തിന്റെ മധുരവീഞ്ഞും ഒരുപോലെ മോന്തിയ ആ യാത്ര ബ്യൂണസ് ഐറിസിന്റെ മടിത്തട്ടിൽ അവസാനിക്കുകയാണ്.

ലിയോണൽ ആന്ദ്രേസ് മെസ്സി അർജന്റീനയ്ക്കായി നേടിയ റെക്കോർഡുകൾ കേവലം അക്കങ്ങൾ മാത്രമല്ല. അവന്റെ വിയർപ്പും കണ്ണീരും കൊണ്ട് വിളക്കിച്ചേർത്ത തിരിച്ചുവരവിന്റെ അധ്യായങ്ങൾ കൂടിയാണ്. ഒരു തലമുറയെ ഫുട്ബോളുമായി പ്രണയത്തിലാക്കിയ ആ യാത്രയ്ക്ക് ഇനി ദേശീയ ടീമിന്റെ നീല-വെള്ള ജഴ്‌സിയിൽ അവസാനമിട്ടിരിക്കുന്നു.

വീ മിസ് യൂ, മെസ്സി.

You may also like