Home Keralaവന്ദേമാതരം സെമിനാറിലെ പ്രതിഷേധം: 25 വിദ്യാർഥികൾക്കെതിരെ കേസ്; ഗവർണർക്കെതിരെ സമരം ശക്തമാക്കാൻ എസ്എഫ്ഐ

വന്ദേമാതരം സെമിനാറിലെ പ്രതിഷേധം: 25 വിദ്യാർഥികൾക്കെതിരെ കേസ്; ഗവർണർക്കെതിരെ സമരം ശക്തമാക്കാൻ എസ്എഫ്ഐ

by news_desk1
0 comments

കാസർഗോഡ്: വന്ദേമാതരം ദേശീയ സെമിനാറിനിടെ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ പൊലീസ് കേസ്. കേന്ദ്ര സർവകലാശാലയിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 25 പേർക്കെതിരെയാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. ന്യായവിരുദ്ധമായി സംഘം ചേർന്ന് സെമിനാർ അലങ്കോലപ്പെടുത്തിയെന്നാണ് എഫ്‌ഐആറിലെ ആരോപണം.

സെമിനാറിന്റെ നടപടിക്രമങ്ങൾ തടസപ്പെടുത്തിയ വിദ്യാർഥികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സർവകലാശാലയും മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, വിദ്യാർഥികൾക്കെതിരായ ഗവർണറുടെ പരാമർശത്തിൽ സംസ്ഥാനവ്യാപകമായി പ്രതിഷേധം ശക്തമാക്കാനാണ് എസ്എഫ്ഐയുടെ തീരുമാനം.

വന്ദേമാതരത്തിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ദേശീയ സെമിനാറിന്റെ സമാപനയോഗം ഉദ്ഘാടനം ചെയ്ത് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നടത്തിയ പ്രസംഗത്തിലെ ചില പരാമർശങ്ങളാണ് പ്രതിഷേധത്തിന് വഴിവച്ചത്.

സെമിനാറിൽ ആർഎസ്എസ് നേതാക്കളെ പങ്കെടുപ്പിക്കുന്നതിനെതിരെ ചൊവ്വാഴ്ച ലൈബ്രറി ഹാളിന് പുറത്തായിരുന്നു വിദ്യാർഥികളുടെ പ്രതിഷേധം. എന്നാൽ ബുധനാഴ്ച പ്രതിഷേധം ഹാളിനകത്തേക്കും വ്യാപിച്ചു. പ്രതിഷേധിക്കുന്ന എല്ലാവരെയും രാജ്യദ്രോഹികളാക്കുന്ന സമീപനമാണ് ഗവർണർ സ്വീകരിക്കുന്നതെന്ന് വിദ്യാർഥികൾ ആരോപിച്ചു.

ഗവർണർ ക്യാമ്പസ് വിട്ടുപോയ ശേഷമാണ് വിദ്യാർഥികൾ സംഘടിച്ചെത്തിയത്. ഇതിനിടെ സർവകലാശാല പ്രോക്ടർ കെ. ശ്രീകുമാർ സെമിനാറിൽ പ്രബന്ധം അവതരിപ്പിക്കാനുള്ള നീക്കവും വിദ്യാർഥികൾ തടഞ്ഞു. അദ്ദേഹം പ്രസംഗിക്കുന്നതിനിടെ മൈക്ക് ഓഫ് ചെയ്തും ഷൂസ് ഉയർത്തിപ്പിടിച്ചുമായിരുന്നു വിദ്യാർഥികളുടെ പ്രതിഷേധം.

You may also like