Home Kerala‘സഹനം മതി, ഇനി ശബ്ദമുയർത്തണം’; ഗാർഹിക പീഡനം തടയാൻ ‘സ്പീക്ക് അപ്പ്’ ദൗത്യസേനയുമായി ആഭ്യന്തര വകുപ്പ്

‘സഹനം മതി, ഇനി ശബ്ദമുയർത്തണം’; ഗാർഹിക പീഡനം തടയാൻ ‘സ്പീക്ക് അപ്പ്’ ദൗത്യസേനയുമായി ആഭ്യന്തര വകുപ്പ്

by news_desk1
0 comments

തിരുവനന്തപുരം: ഗാർഹിക പീഡനത്തിനെതിരെ കേരള പൊലീസിന്റെ പ്രത്യേക ദൗത്യസേനയ്ക്ക് രൂപം നൽകി ആഭ്യന്തര വകുപ്പ്. ‘സ്പീക്ക് അപ്പ്’ എന്ന പേരിൽ രൂപീകരിച്ച ദൗത്യസേനയുടെ പ്രത്യേക ചുമതല ഐജി അജിത ബീഗം ഐപിഎസിനാണ്. ‘സഹനം മതി, ഇനി ശബ്ദമുയർത്തേണ്ട സമയമാണ്’ എന്ന സന്ദേശമാണ് സ്പീക്ക് അപ്പിലൂടെ നൽകുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

കഴിഞ്ഞ ഏഴ് വർഷത്തിനിടെ സംസ്ഥാനത്ത് ഗാർഹിക പീഡനത്തെ തുടർന്ന് 92 സ്ത്രീകൾ മരിച്ചതായാണ് ആഭ്യന്തരവകുപ്പിന്റെ കണക്ക്. ഗാർഹിക അതിക്രമങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് അവ തടയാൻ പ്രത്യേക ദൗത്യസേനയ്ക്ക് രൂപം നൽകിയത്.

അക്രമം നേരിടുന്ന അതിജീവിതർക്ക് സംരക്ഷണം നൽകുകയാണ് ദൗത്യസേനയുടെ പ്രധാന ലക്ഷ്യം. പരാതി നൽകാൻ മടിക്കുന്നവരുടെ അടുത്തേക്ക് ഉദ്യോഗസ്ഥർ നേരിട്ടെത്തി പരാതി കേൾക്കുകയും നിയമപരിരക്ഷ ഉറപ്പാക്കുകയും ചെയ്യും. ഔദ്യോഗിക വേഷത്തിലല്ലാതെയും ഉദ്യോഗസ്ഥർ അതിജീവിതരെ സമീപിക്കും എന്നതാണ് പദ്ധതിയുടെ പ്രത്യേകത.

ഗാർഹിക അതിക്രമം ഉണ്ടായാൽ കാലതാമസമില്ലാതെ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. സ്ത്രീകളെ ഗാർഹിക പീഡനത്തിന് ഇരയാക്കുന്നവർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിഷേധിക്കുന്നതും പാസ്‌പോർട്ട് ലഭിക്കുന്നതിൽ തടസം സൃഷ്ടിക്കുന്നതും ഉൾപ്പെടെയുള്ള നടപടികളിലേക്കും പൊലീസ് കടക്കും.

‘സതി’ നിരോധിച്ച നാടാണ് നമ്മുടേതെങ്കിലും സതിയുടെ പ്രേതം പലവിധത്തിൽ നമ്മുടെ വീടുകളിൽ അലഞ്ഞുനടക്കുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. അതിലൊന്നാണ് സ്ത്രീകൾക്കെതിരായ ഗാർഹിക പീഡനമെന്നും അദ്ദേഹം വ്യക്തമാക്കി.

“ഇനി ഒരു മകൾ കൂടി മരണത്തിന് കീഴടങ്ങിയ ശേഷം പരിതപിക്കുന്നതിലല്ല, അവൾക്ക് നേരെ ആദ്യത്തെ കൈ ഉയരുമ്പോഴേ അത് തടയുന്നതിലാണ് ജാഗ്രത വേണ്ടത്,” ചെന്നിത്തല പറഞ്ഞു.

സമഗ്രമായ സ്ത്രീ മുന്നേറ്റം ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് മുന്നോട്ടുവയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പറയാൻ മടിക്കരുത്, പറയാതിരിക്കരുത്, തുറന്നുപറയണമെന്ന ആഹ്വാനവും മന്ത്രി നൽകി. അതാണ് ‘സ്പീക്ക് അപ്പ്’ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You may also like