വയനാട്: മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരുടെ ദിനബത്തയും വാടകയും മുടങ്ങിയ സംഭവത്തിൽ വിശദീകരണവുമായി മന്ത്രി ടി. സിദ്ദിഖ്. തുക കൈമാറുന്നതിൽ ചെറിയ കാലതാമസമുണ്ടായെന്നും സാങ്കേതിക പ്രശ്നമാണ് ഇതിന് കാരണമെന്നും മന്ത്രി പറഞ്ഞു. അടിയന്തരമായി തുക കൈമാറാൻ മന്ത്രിസഭാ ഉപസമിതി നിർദേശം നൽകിയിട്ടുണ്ടെന്നും ഉടൻ തുക നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കോന്നി അരുവാപ്പുലം പഞ്ചായത്തിലെ കൃഷിനാശത്തിന് നഷ്ടപരിഹാരം നൽകുന്നതിലെ കാലതാമസത്തിന് സർവേയുമായി ബന്ധപ്പെട്ട പ്രശ്നമാണ് കാരണമെന്നും മന്ത്രി പറഞ്ഞു. വിഷയം അടിയന്തരമായി പരിഹരിക്കാൻ റവന്യൂ മന്ത്രി ഇടപെടുമെന്നും അദ്ദേഹം അറിയിച്ചു.
ഇഎസ്എയിൽനിന്ന് കർഷകരുടെ ഭൂമിയും വാസസ്ഥലങ്ങളും ഒഴിവാക്കി റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും അത് നടപ്പാക്കാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്നും ടി. സിദ്ദിഖ് പറഞ്ഞു.
കർഷകരുടെ വിളകൾക്ക് കൂടുതൽ വില ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. വന്യമൃഗശല്യം മൂലം കൃഷി നശിച്ചാൽ 100 ശതമാനം നഷ്ടപരിഹാരം നൽകുന്നതിനുള്ള തീരുമാനം ഉടൻ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
2021 മുതൽ കർഷകർക്ക് നൽകാനുള്ള നഷ്ടപരിഹാരത്തുക 110 കോടി രൂപയാണ്. ഈ തുക ഈ മാസം അവസാനം മുതൽ വിതരണം ചെയ്യാൻ തുടങ്ങുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
