Home Education/Careerപത്താം ക്ലാസ് മതി, കോസ്റ്റ് ഗാർഡിൽ 365 ഒഴിവുകൾ; ഒക്ടോബർ 21 വരെ അപേക്ഷിക്കാം

പത്താം ക്ലാസ് മതി, കോസ്റ്റ് ഗാർഡിൽ 365 ഒഴിവുകൾ; ഒക്ടോബർ 21 വരെ അപേക്ഷിക്കാം

by news_desk1
0 comments

ന്യൂഡൽഹി: പത്താം ക്ലാസ് മുതൽ പ്ലസ് ടു, ഡിപ്ലോമ യോഗ്യതയുള്ളവർക്ക് ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ അവസരം. വിവിധ തസ്തികകളിലായി ആകെ 365 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നാവിക് (ജനറൽ ഡ്യൂട്ടി), നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്), യാന്ത്രിക്, ഹൈജീനിസ്റ്റ്-1 എന്നീ തസ്തികകളിലാണ് നിയമനം. ഒക്ടോബർ 21 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

നാവിക് (ജനറൽ ഡ്യൂട്ടി) തസ്തികയിലേക്ക് കണക്ക്, ഫിസിക്സ് വിഷയങ്ങളോടെ പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം. 2005 നവംബർ 1 മുതൽ 2009 മേയ് 1 വരെ ജനിച്ചവർക്കാണ് അപേക്ഷിക്കാനാകുക. 21,700 രൂപയാണ് അടിസ്ഥാന ശമ്പളം. ഇതിന് പുറമെ മറ്റ് അലവൻസുകളും ലഭിക്കും.

നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്) തസ്തികയിലേക്ക് പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. 2005 നവംബർ 1 മുതൽ 2009 ഒക്ടോബർ 1 വരെ ജനിച്ചവരാണ് യോഗ്യർ. 21,700 രൂപയാണ് അടിസ്ഥാന ശമ്പളം. മറ്റ് അലവൻസുകളും ലഭിക്കും.

യാന്ത്രിക് തസ്തികയിലേക്ക് പത്താം ക്ലാസിനൊപ്പം ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, ടെലികമ്യൂണിക്കേഷൻ തുടങ്ങിയ ബന്ധപ്പെട്ട വിഭാഗങ്ങളിൽ ഡിപ്ലോമയുള്ളവർക്കാണ് അപേക്ഷിക്കാനാകുക. 2005 മേയ് 1 മുതൽ 2009 മേയ് 1 വരെ ജനിച്ചവർക്കാണ് അപേക്ഷിക്കാവുന്നത്. 29,200 രൂപയാണ് അടിസ്ഥാന ശമ്പളം. 6,200 രൂപ യാന്ത്രിക് പേയും മറ്റ് അലവൻസുകളും ലഭിക്കും.

ഹൈജീനിസ്റ്റ്-1 തസ്തികയിലേക്ക് പത്താം ക്ലാസ് അല്ലെങ്കിൽ അംഗീകൃത സ്ഥാപനത്തിൽനിന്നുള്ള ഐടിഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 21,700 രൂപയാണ് അടിസ്ഥാന ശമ്പളം. മറ്റ് അലവൻസുകളും ലഭിക്കും. 2002 നവംബർ 1 മുതൽ 2009 ഒക്ടോബർ 1 വരെ ജനിച്ചവരാണ് അപേക്ഷിക്കേണ്ടത്.

കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, ശാരീരിക ക്ഷമതാ പരീക്ഷ, അഡാപ്റ്റബിലിറ്റി ടെസ്റ്റ്, രേഖകളുടെ പരിശോധന, മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.

താൽപര്യമുള്ള ഉദ്യോഗാർഥികൾ ഔദ്യോഗിക വെബ്സൈറ്റായ www.ssc.gov.in വഴി 2026 ഒക്ടോബർ 21 വൈകിട്ട് 5.30ന് മുമ്പായി അപേക്ഷ സമർപ്പിക്കണം.

You may also like