Home Top Storiesഗ്യാനേഷിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്നും സംഘർഷഭരിതം; ജോൺ ബ്രിട്ടാസിനെ വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്തു, നേതാക്കൾക്ക് പരിക്ക്

ഗ്യാനേഷിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്നും സംഘർഷഭരിതം; ജോൺ ബ്രിട്ടാസിനെ വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്തു, നേതാക്കൾക്ക് പരിക്ക്

by news_desk1
0 comments

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇടത് സംഘടനകൾ നടത്തിയ പ്രതിഷേധം ഞായറാഴ്ചയും സംഘർഷഭരിതമായി. കൊണാട്ട് പ്ലേസ് ഉൾപ്പെടെയുള്ള മേഖലകളിൽ നടന്ന സമരങ്ങളിൽ ജോൺ ബ്രിട്ടാസ് എംപി അടക്കമുള്ള നേതാക്കളെ പൊലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. പ്രതിഷേധക്കാരെ മർദിച്ചെന്നും ഇടുങ്ങിയ ഇരുമ്പറകളുള്ള വാഹനങ്ങളിൽ കയറ്റിയെന്നും നേതാക്കൾ ആരോപിച്ചു. എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം. സജിക്ക് ഉൾപ്പെടെ പരിക്കേറ്റു.

അവധി ദിവസമായിട്ടും തലസ്ഥാനത്ത് പ്രതിഷേധം തുടരുകയാണ്. എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ, ഐസ, എഐഎസ്എഫ്, ഫ്രറ്റേണിറ്റി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ നടന്ന സമരങ്ങൾ സംഘർഷത്തിലെത്തി. ഇന്നലത്തെ നിയന്ത്രണങ്ങൾ നീക്കി മെട്രോ സ്റ്റേഷനുകൾ തുറന്നതോടെയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം വീണ്ടും സജീവമായത്.

കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിനു സമീപം രാവിലെ 11.30ഓടെ എഐഎസ്എഫും എസ്‌എഫ്‌ഐയും നടത്തിയ പ്രതിഷേധത്തിനിടെ ഇന്നർ സർക്കിളിലേക്ക് പ്രവേശിച്ച സമരക്കാരെ പൊലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചു. പ്രവർത്തകരെ ബസുകളിലേക്ക് വലിച്ചുകയറ്റിയത് സംഘർഷത്തിനിടയാക്കി. ചിലർ പൊലീസിനെ വെട്ടിച്ച് ഓടിയതോടെ ഏറെനേരം പ്രദേശത്ത് സംഘർഷാവസ്ഥ നിലനിന്നു.

പൊലീസ് നടപടിയെ ചോദ്യം ചെയ്ത് സ്ഥലത്തെത്തിയ ജോൺ ബ്രിട്ടാസ് എംപി ഉദ്യോഗസ്ഥരുമായി ഏറെനേരം തർക്കിച്ചു. തുടർന്ന് എംപിയെ വലിച്ചിഴച്ച് പൊലീസ് വാഹനത്തിൽ കയറ്റി. കുറച്ചുദൂരം കൊണ്ടുപോയശേഷം ഡെപ്യൂട്ടി പൊലീസ് കമ്മിഷണറുടെ നിർദേശപ്രകാരം വഴിയിൽ ഇറക്കിവിട്ടു. തന്നെ പൊലീസ് മർദിച്ചെന്ന് ബ്രിട്ടാസ് ആരോപിച്ചു. ആനി രാജ ഉൾപ്പെടെയുള്ള നേതാക്കളെയും ബലംപ്രയോഗിച്ച് വാഹനത്തിൽ കയറ്റി. കസ്റ്റഡിയിലായ എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ നേതാക്കളെ ഇടുങ്ങിയ ഇരുമ്പറകളുള്ള വാഹനങ്ങളിലാണ് കൊണ്ടുപോയതെന്നും വാഹനത്തിനുള്ളിൽവച്ച് മർദിച്ചെന്നും പരാതിയുണ്ട്.

ആർ.കെ. ആശ്രമം മെട്രോ സ്റ്റേഷന് സമീപം ഐസയും ഫ്രറ്റേണിറ്റിയും പ്രതിഷേധം നടത്തി. കേരളത്തിൽനിന്നുള്ള നിരവധി വിദ്യാർഥികളും ഫ്രറ്റേണിറ്റിയുടെ സമരത്തിൽ പങ്കെടുത്തു. ഐസയുടെ പ്രകടനം തടഞ്ഞ പൊലീസ് ഒരു വിഭാഗത്തെ കസ്റ്റഡിയിലെടുത്തു. എന്നാൽ, നേഹ ബോറയുടെ നേതൃത്വത്തിലുള്ള പ്രവർത്തകർ കൊണാട്ട് പ്ലേസിലെത്തിയതോടെ നേഹയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധക്കാരെ കൊണ്ടുപോകുന്ന ബസുകളിൽ മാധ്യമപ്രവർത്തകരെയും ബലംപ്രയോഗിച്ച് കയറ്റിയതും പ്രതിഷേധത്തിനിടയാക്കി. മാധ്യമപ്രവർത്തകരെ അരമണിക്കൂറിന് ശേഷമാണ് വിട്ടയച്ചത്.

യൂത്ത് കോൺഗ്രസ്, എൻഎസ്‌യുഐ പ്രവർത്തകർ റെയ്‌സീന റോഡിലും പ്രതിഷേധിച്ചു. ജന്തർ മന്തറിലേക്ക് പ്രവേശിക്കാൻ ഇന്നും പൊലീസ് അനുമതി നൽകിയില്ല. ഇതോടെ ജന്തർ മന്തറിന് സമീപമുള്ള കൊണാട്ട് പ്ലേസും ആർ.കെ. ആശ്രമം മാർഗും പ്രതിഷേധകേന്ദ്രങ്ങളായി മാറി. പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെപ്പോലും കസ്റ്റഡിയിലെടുത്ത നടപടിയും പൊലീസ് ബലപ്രയോഗത്തെക്കുറിച്ചുള്ള പരാതികളും ഡൽഹിയിലെ സമരാന്തരീക്ഷം കൂടുതൽ സംഘർഷഭരിതമാക്കി.

You may also like