Home Internationalപാകിസ്താൻ രാഷ്ട്രീയത്തിൽ വൻ ഭൂകമ്പം: പിടിഐയുടെ അവസാന പ്രവിശ്യാ സർക്കാരും പടിക്ക് പുറത്ത്; ഖൈബർ പഖ്തൂൺഖ്വയിൽ അടിയന്തരാവസ്ഥയും ഗവർണർ ഭരണവും പ്രഖ്യാപിച്ചു

പാകിസ്താൻ രാഷ്ട്രീയത്തിൽ വൻ ഭൂകമ്പം: പിടിഐയുടെ അവസാന പ്രവിശ്യാ സർക്കാരും പടിക്ക് പുറത്ത്; ഖൈബർ പഖ്തൂൺഖ്വയിൽ അടിയന്തരാവസ്ഥയും ഗവർണർ ഭരണവും പ്രഖ്യാപിച്ചു

by news_desk
0 comments

ഇസ്ലാമാബാദ്: പാകിസ്താൻ രാഷ്ട്രീയത്തെയും ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയെയും ഞെട്ടിച്ചുകൊണ്ട് ഫെഡറല്‍ സർക്കാരിന്റെ മാസ്റ്റർസ്ട്രോക്ക്. ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്താന്‍ തെഹ്‌രീക്ക് ഇന്‍സാഫ് (പിടിഐ) അധികാരത്തിലിരുന്ന ഒരേയൊരു പ്രവിശ്യയായ ഖൈബര്‍ പഖ്തബണ്‍ഖ്വയില്‍ അടിയന്തരാവസ്ഥയും ഗവര്‍ണര്‍ ഭരണവും പ്രഖ്യാപിച്ചു. പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ഈ നിർണായക തീരുമാനത്തിന് ഔദ്യോഗിക അനുമതി നൽകി.

കഴിഞ്ഞ മൂന്ന് വർഷമായി ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ മോചനവും വിദഗ്ധ ചികിത്സയും ആവശ്യപ്പെട്ട് പ്രവിശ്യാ മുഖ്യമന്ത്രി സൊഹൈൽ അഫ്രീദിയുടെ നേതൃത്വത്തിൽ ഇസ്ലാമാബാദിലേക്ക് വൻ ലോങ് മാർച്ച് പുരോഗമിക്കുന്നതിനിടയിലാണ് ഷഹബാസ് ഷെരീഫ് സർക്കാരിന്റെ ഈ കടുത്ത നടപടി. പാക് ഭരണഘടനയിലെ 232, 234 അനുച്ഛേദങ്ങൾ പ്രകാരമാണ് ഫെഡറൽ സർക്കാർ പ്രവിശ്യയിൽ ഗവർണർ ഭരണം നടപ്പിലാക്കിയിരിക്കുന്നത്. ക്രമസമാധാനം ഉറപ്പാക്കാൻ മേഖലയിൽ സൈന്യത്തെ വിന്യസിക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.

ഗവർണറുടെ നേതൃത്വത്തിൽ 11 അംഗ ഉപദേശക സമിതി രൂപീകരിച്ചിട്ടുണ്ടെന്നും, പ്രവിശ്യയിലെ 12 ജില്ലകളുടെ ഭരണം നിയന്ത്രിക്കാൻ പ്രത്യേക സെക്രട്ടേറിയറ്റ് സ്ഥാപിച്ചതായും നിയമമന്ത്രി അസം നസീർ തരാർ വ്യക്തമാക്കി. ഗവർണർ ഭരണം കുറഞ്ഞത് ആറുമാസത്തോളം നീണ്ടുനിൽക്കാനാണ് സാധ്യത. പ്രവിശ്യയിലെ മോശമായ ക്രമസമാധാന നിലയും ഭീകരവാദത്തിനെതിരെയുള്ള സർക്കാരിന്റെ നിസഹകരണവുമാണ് നടപടിക്ക് കാരണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നു. അതേസമയം, അടിയന്തരാവസ്ഥയുടെ മറവിലുള്ള രാഷ്ട്രീയ അട്ടിമറിയാണ് ഫെഡറൽ സർക്കാർ നടത്തുന്നതെന്ന് പിടിഐ വക്താവ് സുൽഫിക്കർ ബുഖാരി ശക്തമായി പ്രതികരിച്ചു.

You may also like