Home Keralaഉയർന്ന കമ്മീഷൻ വാഗ്ദാനം ചെയ്ത് ബാങ്ക് അക്കൗണ്ട് തട്ടിയെടുക്കുന്നു; മ്യൂൾ അക്കൗണ്ട് തട്ടിപ്പിനെതിരെ ജാഗ്രതാനിർദേശവുമായി കേരള പൊലീസ്

ഉയർന്ന കമ്മീഷൻ വാഗ്ദാനം ചെയ്ത് ബാങ്ക് അക്കൗണ്ട് തട്ടിയെടുക്കുന്നു; മ്യൂൾ അക്കൗണ്ട് തട്ടിപ്പിനെതിരെ ജാഗ്രതാനിർദേശവുമായി കേരള പൊലീസ്

by news_desk1
0 comments

തിരുവനന്തപുരം: ഉയർന്ന കമ്മീഷനും പാർട്ട് ടൈം ജോലി വാഗ്ദാനങ്ങളും നൽകി ബാങ്ക് അക്കൗണ്ടുകൾ കൈക്കലാക്കി ഓൺലൈൻ തട്ടിപ്പിന് ഉപയോഗിക്കുന്ന സംഘങ്ങൾക്കെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. വിദ്യാർഥികളെയും യുവാക്കളെയുമാണ് ഇത്തരം സംഘങ്ങൾ പ്രധാനമായും ലക്ഷ്യമിടുന്നത്. അറിയാതെ തട്ടിപ്പുസംഘങ്ങളുടെ ഭാഗമാകുന്നവർക്ക് ഗുരുതരമായ നിയമപ്രശ്നങ്ങൾ നേരിടേണ്ടിവരാമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് നൽകിയാൽ ട്രേഡിങ്ങിലൂടെ വലിയ തുക സമ്പാദിക്കാമെന്ന വാഗ്ദാനവുമായാണ് തട്ടിപ്പുകാർ സമീപിക്കുന്നത്. മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകളും ഫോൺ നമ്പറുകളും കൈക്കലാക്കിയും ഓൺലൈൻ തട്ടിപ്പുകൾ നടത്തുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ പാർട്ട് ടൈം, ഓൺലൈൻ ജോലികൾ അന്വേഷിക്കുന്നവരും ഇവരുടെ വലയിൽ വീഴാൻ സാധ്യതയേറെയാണ്.

സ്വന്തമായി ബാങ്ക് അക്കൗണ്ടും ഗൂഗിൾ പേ സൗകര്യവുമുള്ളവർക്ക് ജോലി നൽകാമെന്നതാണ് മറ്റൊരു തട്ടിപ്പുരീതി. ഇവരുടെ അക്കൗണ്ടുകളിലേക്ക് കൈമാറിയെത്തുന്ന പണം ഒരു ലക്ഷം രൂപ കടക്കുമ്പോൾ കമ്മീഷൻ എടുത്തശേഷം ബാക്കി തുക തട്ടിപ്പുകാർ നിർദേശിക്കുന്ന അക്കൗണ്ടിലേക്ക് അയച്ചുനൽകണമെന്നാണ് ആവശ്യപ്പെടുക. ഉയർന്ന കമ്മീഷൻ ലഭിക്കുമെന്ന വാഗ്ദാനത്തിൽ വിശ്വസിക്കുന്നവർ തങ്ങളുടെ അക്കൗണ്ടുകൾ സൈബർ തട്ടിപ്പുകൾക്കായി ഉപയോഗിക്കാൻ അനുവദിക്കുന്നു.

ഇത്തരത്തിൽ തട്ടിപ്പിനായി ഉപയോഗിക്കുന്ന അക്കൗണ്ടുകളെയാണ് മ്യൂൾ അക്കൗണ്ടുകൾ എന്നു വിളിക്കുന്നത്. ഇത്തരം ഇടപാടുകളുടെ യഥാർഥ ലക്ഷ്യം തിരിച്ചറിയാത്ത യുവതീയുവാക്കൾ അറിയാതെ തന്നെ സൈബർ കുറ്റകൃത്യങ്ങളുടെ ഭാഗമായേക്കാമെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. വിദ്യാർഥികൾ ഇത്തരം വാഗ്ദാനങ്ങളിൽ വീഴാതിരിക്കാൻ രക്ഷിതാക്കളും അധ്യാപകരും പൊതുസമൂഹവും ജാഗ്രത പുലർത്തണം.

അപരിചിതരെ സ്വന്തം ബാങ്ക് അക്കൗണ്ടിലൂടെ പണം കൈമാറ്റം നടത്താൻ അനുവദിക്കരുത്. ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ 1930 എന്ന സൈബർ ഹെൽപ്‌ലൈൻ നമ്പറിൽ അറിയിക്കണം. www.cybercrime.gov.in എന്ന വെബ്‌സൈറ്റിലൂടെയും പരാതി നൽകാം.

You may also like