തൃശൂർ: അർധരാത്രിയിൽ പള്ളിമുറ്റത്തേക്ക് അതിഥിയായി കാട്ടാന! അതിരപ്പിള്ളിയിലെ പിള്ളപ്പാറ സെന്റ് തോമസ് ദേവാലയത്തിന്റെ പടികൾ കയറി മുറ്റത്തും പരിസരത്തും ചുറ്റിനടന്ന കാട്ടാന പിന്നീട് തിരികെ പോയി. പള്ളിയിലെ സി.സി.ടി.വി. ക്യാമറയിലാണ് ആനയുടെ അപ്രതീക്ഷിത സന്ദർശനത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. സംഭവത്തിൽ അക്രമമോ നാശനഷ്ടങ്ങളോ ഉണ്ടായില്ല.
റോഡിനോട് ചേർന്നുള്ള പള്ളിയുടെ പടികൾ കയറിയെത്തിയ ആന മുറ്റത്തും പരിസരത്തും ചുറ്റിനടന്ന ശേഷമാണ് മടങ്ങിയത്. വിനോദസഞ്ചാര കേന്ദ്രമായ അതിരപ്പിള്ളി മേഖലയിൽ ജനവാസകേന്ദ്രങ്ങളോട് ചേർന്ന് കാട്ടാനകളുടെ സാന്നിധ്യം തുടരുന്നതിന്റെ സൂചനയാണ് ഈ സംഭവം.
മേഖലയിലെ വീടുകൾക്കും കൃഷിസ്ഥലങ്ങൾക്കും നേരെ കാട്ടാനകളുടെ ആക്രമണം പതിവായിരിക്കുകയാണ്. കാട്ടാനകളെ ജനവാസ മേഖലകളിൽനിന്ന് അകറ്റാൻ വനംവകുപ്പിന്റെ നേതൃത്വത്തിൽ ആനത്തുരത്തൽ നടപടികൾ നടത്തിയിരുന്നെങ്കിലും അവ ജനവാസമേഖലകളിലേക്ക് എത്തുന്നത് തുടരുകയാണ്.
